കോഴിക്കോട്: പട്ടാപ്പകല്‍ അഞ്ചു വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറമ്പത്ത് അങ്ങാടിക്ക് പടിഞ്ഞാറുഭാഗത്ത് തനിയാടത്ത് പള്ളിയ്ക്കുസമീപത്തു വച്ചാണ് മിഠായി കാണിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാവിലെ 11.45 ഓടെ റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികള്ക്കുസമീപം മഹീന്ദ്ര എക്സ്യുവി വാഹനം നിര്‍ത്തുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഒരാള്‍ കുട്ടികളെ മിഠായി കാണിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. മിഠായി കാണിച്ചയുടന്‍ അത് വാങ്ങാതെ കുട്ടികള്‍ തിരിഞ്ഞോടി. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപത്തുള്ളയാള്‍ വാഹനത്തിനടുത്തേക്ക് വരുന്നതിനിടെ വാഹനം ധൃതിയില്‍ തിരിച്ചുപോകുകയായിരുന്നു.
രജിസ്ട്രേഷനില്ലാത്ത വാഹനവുമായാണ് സംഘമെത്തിയത്. സമീപത്തുള്ള പാലോറമല ജംഗ്ഷനിലെ കാര്‍ വര്‍ക്ക്ഷോപ്പിന്റെ സിസിടിവിയിലും വാഹനം കടന്നുപോകുന്നതായി പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്കി. അതേസമയം വാഹനത്തിന്റെ നമ്പറില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എലത്തൂര്‍ പോലീസ് പറയുന്നത്.
കുട്ടികളെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം നടന്നതായും ജാഗ്രത പാലിക്കണമെന്നും പ്രദേശത്തുള്ളവര്‍ വാട്സ് ആപ്പ് വഴിയും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പറമ്പത്ത് ബസാറിന് പടിഞ്ഞാറു ഭാഗത്ത് കൂടിയാണ് പൂളാടിക്കുന്ന് – വെങ്ങളം ബൈപാസ് റോഡ്. ഈ റോഡില്‍ എത്തിയാല്‍ എളുപ്പത്തില്‍ രക്ഷപ്പെടാനാവും. ഇക്കാര്യം മുന്‍കൂട്ടി അറിയുന്നവരായിരിക്കാം കുട്ടികളെ തട്ടിക്കൊണ്ടുപോവാനായി എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.