മുക്കം: സൗത്ത് കൊടിയത്തൂര്‍ എയുപി സ്കൂള്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ സ്വീകരിക്കാനായി വിദ്യാര്‍ഥികളെ റോഡില്‍ ഇറക്കി നിര്‍ത്തിയ സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രിയുടെ ശകാരം.
നൂറോളം വിദ്യാര്‍ഥികളാണ് മന്ത്രിയെ സ്വീകരിക്കാനായി സ്കൂളിന് തൊട്ടു മുന്നില്‍ റോഡില്‍ വരിയായി നിന്നിരുന്നത്. ഇത് കണ്ട മന്ത്രി വളരെ കര്‍ക്കശമായി തന്നെ സ്കൂള്‍ അധികൃതരെ തന്റെ അസംതൃപ്തി അറിയിക്കുകയായിരുന്നു.
ഇനി ഇത്തരം നടപടികള്‍ ഒഴിവാക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമോയെന്നും മന്ത്രി ചോദിച്ചു.
സ്റ്റേജിലെത്തിയ ശേഷവും ഇതിനെതിരെ ശക്തമായ ഭാഷയില്‍ മന്ത്രി താക്കീത് ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികളെ അസംബ്ലിക്കോ മറ്റ് കാര്യങ്ങള്‍ക്കോ ഒരിക്കലും റോഡില്‍ നിര്‍ത്തരുതെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പാലിക്കാന്‍ പല സ്കൂള്‍ അധികൃതരും തയ്യാറാവാറില്ല.