എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെയെല്ലാം ഫലപ്രഖ്യാപനം വന്നുകഴിഞ്ഞു. ഫുള്‍ എപ്ലസുകാര്‍ക്കും ഉഗ്രന്‍ മാര്‍ക്കുകാര്‍ക്കുമെല്ലാം വലിയ സ്വീകരണങ്ങളും അനുമോദനങ്ങളും നല്‍കുന്ന തിരക്കിലാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം. എന്നാല്‍ തങ്ങള്‍ ഡിപ്ലസുകാരെയും അഭിനന്ദിക്കാനും അനുമോദിക്കാനും ആരെങ്കിലും വേണ്ടേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം മിടുക്കന്മാര്‍.
വിദ്യാര്‍ഥികളുടെ മാര്‍ക്ക് സ്വകാര്യമായിരിക്കണോ അതോ നാലാള്‍ അറിയും വിധം പ്രദര്‍ശിപ്പിക്കണോ എന്ന വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുമ്പോള്‍ ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്‌ളെക്‌സിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ‘ഡി പ്ലസ്’ നേടിയ ‘മിടുക്കന്മാര്‍’ തങ്ങളുടെ ചിത്രത്തിനൊപ്പം എഴുതിയ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഫ്‌ലെക്‌സിലെ വാചകങ്ങള്‍ ഇങ്ങനെ : ‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു’. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍. ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഫുള്‍ എപ്ലസ് വാങ്ങിയവര്‍ മാത്രമാണോ അഭിനന്ദനം അര്‍ഹിക്കുന്നത്, എല്ലാ വിഷയത്തിനും ജയിക്കുക എന്നതും ചിലരെയെങ്കിലും സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യം തന്നെയല്ലേ.