തിരുവനന്തപുരം : ക്ലാസുകളിൽ കയറാതെ നഗരത്തിന്റെ പല ഭാഗങ്ങളിലായി കറങ്ങി നടന്ന എഴുപതോളം വിദ്യാർഥികളെ ഷാഡോ പോലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഷാഡോ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്കൂളുകളിലും കോളജുകളിലും കയറാതെ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത എഴുപതോളം വിദ്യാർഥികളെ കണ്ടെത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടത്.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഷാഡോ പോലീസ് ടീമംഗങ്ങൾ പല സംഘങ്ങളായി തിരിഞ്ഞ് തിയറ്ററുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് കുട്ടികൾ കൂട്ടത്തോടെ പിടിക്കപ്പെട്ടത്. ക്ലാസിൽ കയറാതെ കറങ്ങി നടന്ന് ടിക് ടോക് ചലഞ്ചിൽ ഏർപ്പെട്ടവരും പുതിയ സിനിമകൾക്കായി തിയറ്ററിൽ ക്യൂനിന്നവരും സ്കൂൾ യൂണിഫോമിൽ തിയറ്ററിനകത്ത് ഉണ്ടായിരുന്നവരും സ്കൂൾ യൂണിഫോം ബാഗിലാക്കി ബൈക്കിൽ കറങ്ങി നടന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കൂടാതെ നഗരത്തിലെ സ്നൂക്കർ ക്ലബ്ബുകൾ, വീഡിയോ ഗെയിം ക്ലബ്ബുകൾ എന്നിവിടങ്ങളിലും ഷാഡോ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ സകൂൾ യൂണിഫോമിലടക്കം ഉണ്ടായിരുന്ന നിരവധി വിദ്യാർഥികളെ കണ്ടെത്തി. ഇത്തരത്തിൽ പിടിക്കപ്പെട്ട എല്ലാവരെയും കണ്ട്രോൾ റൂമിൽ എത്തിച്ചശേഷം അവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയയ്ക്കും ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്, ഡിസിപി ആദിത്യ, കണ്‍ട്രോൾറൂം അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാർ, എസ്ഐ സുനിൽ ലാൽ എന്നിവരാണ് മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.