വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ‘മൊബൈല്‍ ഫോണ്‍: വരമോ ശാപമോ’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംവാദം വേറിട്ട പരിപാടിയായി.
ഇംഗ്ലീഷ് പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ സംവാദം പൂര്‍ണമായും ഇംഗ്ലീഷ് മാധ്യമത്തിലാണ് നടത്തിയത്. ഉദ്ഘാടനം, മോഡറേറ്റര്‍ തുടങ്ങിയവ എല്ലാം വിദ്യാര്‍ഥികള്‍ തന്നെ കൈകാര്യം ചെയ്തു.
സാംസങ്, ആപ്പിള്‍ എന്നീ വിഭാഗങ്ങളായി വേര്‍തിരിഞ്ഞ് ആയിരുന്നു സംവാദം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നെഷിന് ഫെറ ഉദ്ഘാടനം ചെയ്തു. റന ഫാത്തിമ മോഡറേറ്ററായി. മൊബൈല്‍ ഫോണിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ വീറോടെ വാദിച്ചു.
ദോഷവശങ്ങള്‍ ഏറെ ഉണ്ടെങ്കിലും നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു മൊബൈല്‍ ഫോണുകള്‍ എന്നും പരമാവധി അപകടരഹിതമായി ഉപയോഗിക്കണമെന്നും ഒടുവില്‍ നിഗമനത്തിലെത്തി.
ഫാത്തിമത്ത് സഹ്റ, ഹിബ ഷെറിന്, കെ സി ജുമാന, ജസ്ര കുഞ്ഞമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കിയ പരിപാടിക്കു ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന് മാര്‍ഗനിര്‍ദ്ദേശം നല്കി. ഹെഡ്മാസ്റ്റര് പി.ഹരിദാസ്, ക്ലാസ് പിടിഎ ചെയര്മാന് കെ.കുഞ്ഞമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.