തിരുവനന്തപുരം: വിദ്യാലയങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർഥികളെ വഴിയിൽ ഇറക്കിവിടുന്ന ബസ് ജീവനക്കാർക്കും ഉടമകൾക്കും എതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് നിർദേശം നൽകി.
ഇത്തരം ബസുകളിലെ മുഴുവൻ ജീവനക്കാർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗതാഗത വകുപ്പ് ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
തിരുവനന്തപുരത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനത്തിനു ശേഷം ആയുർവേദ കോളജ് ജംഗ്ഷനിൽ നിന്ന് പോത്തൻകോടുള്ള വീട്ടിലേയ്ക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാർഥിയെ കണ്സഷൻ പതിച്ചു നൽകാൻ കഴിയില്ലെന്നു പറഞ്ഞ് സ്റ്റാച്യു ജംഗ്ഷനിൽ ഇറക്കിവിട്ടതാണ് ഒരു സംഭവം.
വീട്ടിൽ പോകാൻ കൈയിൽ പണം ഇല്ലെന്നു പറഞ്ഞിട്ടും കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. സെക്രട്ടേറിയറ്റ് കാന്റീൻ ജീവനക്കാരൻ സഹായിച്ചാണ് കുട്ടി വീട്ടിലേയ്ക്ക് പോയത്. മലപ്പുറത്ത് വൈകുന്നേരം ആറിനു ശേഷം കണ്സെഷൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവത്തിലും കമ്മീഷൻ കേസെടുത്തു.
അതുപോലെ, മൂവാറ്റുപുഴയിൽ ബസിൽ കയറുകയായിരുന്ന വിദ്യാർഥിയെ കഴിഞ്ഞ ദിവസം ഫുട്ബോർഡിൽ നിന്ന് ജീവനക്കാർ തള്ളിയിട്ട സംഭവത്തിലും കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരേ കേസെടുക്കാൻ പോലീസ് കൂട്ടാക്കിയില്ലെന്ന വാർത്ത ഗൗരവമേറിയതാണെന്ന് ചെയർമാൻ പറഞ്ഞു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പ് അധികൃതർ ഗൗരവമായി കണ്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.