ആലപ്പുഴ: പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ അതിക്ഷേപിച്ചതാണ് കുട്ടി ജീവനൊടുക്കാനിടയാക്കിയതെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പലിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംഭവം സംബന്ധിച്ച് ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെയും രക്ഷാകർത്താക്കളുടെയും മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം ട്യൂഷൻ സെന്റർ പ്രിൻസിപ്പളിനെതിരെ നിക്ഷിപ്ത താത്പര്യത്തോടെ ചിലർ അപവാദ പ്രചരണങ്ങൾ നടത്തുകയാണെന്ന് അധ്യാപക രക്ഷകർത്താസമിതി ആരോപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം. ലിജു ആവശ്യപ്പെട്ടു.