വടക്കഞ്ചേരി: ലോക്ക് ഡൗണിലെ സാന്പത്തിക ഞെരുക്കം മറികടക്കാൻ എയർ കണ്ടീഷൻ ചെയ്ത ഡിജിറ്റൽ സ്റ്റുഡിയോ പച്ചക്കറി കടയാക്കി മാറ്റി സ്റ്റുഡിയോ ഉടമ. മുടപ്പല്ലൂർ ചിറ്റാറയിൽ അഷറഫാണ് ഫോട്ടോഗ്രാഫർ കുപ്പായം തൽക്കാലം മാറ്റി വെച്ച് തന്റെ വണ്ടാഴി സ്കൂളിനടുത്തുള്ള എ എഫ് സി ഡിജിറ്റൽ സ്റ്റുഡിയോ പച്ചക്കറി കടയാക്കി ദൈനംദിന ചെലവുകൾക്ക് വരുമാനം കണ്ടെത്തുന്നത്.
ശീതികരിച്ച് മനോഹരമാക്കിയ സ്റ്റുഡിയോക്കുള്ളിൽ ഇപ്പോൾ പച്ചമുളകും തക്കാളിയും ഇഞ്ചിയും വഴുതനങ്ങയുമൊക്കെയാണ്.തന്നെ പോലെയുള്ള സ്റ്റുഡിയോ ഉടമകളെല്ലാം സന്പന്നരുടെ ഗണത്തിലായതിനാൽ ദുരിതാശ്വാസ സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് അഷറഫ് പറഞ്ഞു.
ലോക്ക് ഡൗണ്‍ മൂലം ഒൗട്ട് ഡോർ വർക്കുകളെല്ലാം ഇല്ലാതായി. പൊതുഗതാഗതം ഇല്ലാത്തതിനാൽ സ്റ്റുഡിയോ തുറന്നു വെച്ചിട്ടും കാര്യമില്ല.മാർച്ച് ഒടുവോടെ ലഭിക്കാറുള്ള സ്കൂൾ, കോളജ് വർക്കുകൾ നഷ്ട്ടപ്പെട്ടു.
വിവാഹ നിശ്ചയം, വിവാഹങ്ങൾ, ബർത്ത് ഡെ, മീറ്റിംഗുകൾ, പൊതുപരിപാടികൾ,മരണാനന്തര വർക്കുകൾ, തിരുനാൾ ,ഉത്സവങ്ങൾ,സംഗമങ്ങൾ തുടങ്ങിവയെല്ലാം കാൻസലായപ്പോൾ സ്റ്റുഡിയോ മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതായി മുടപ്പല്ലുർ ടൗണിൽ സ്റ്റുഡിയോ നടത്തുന്ന അഷറഫിന്റെ പിതാവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ ചിറ്റാറയിൽ എ.കെ.അബ്ദുള്ള പറഞ്ഞു.
പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്ന് വർക്കുകൾ കാൻസലായപ്പോൾ അഡ്വാൻസ് തുക തിരിച്ച് നല്‍കേണ്ട ഗതിക്കേടിലായി. ബാങ്കിൽ നിന്നും മറ്റും വായ്പ എടുത്താണ് പലരും സ്റ്റുഡിയോ മോടിപിടിപ്പിക്കലും പുതിയ കാമറ വാങ്ങലുമൊക്കെ നടത്തിയത്. വരുമാനം നിലച്ചതോടെ പ്രതിസന്ധി രൂക്ഷമാക്കിയതായി അബ്ദുള്ള പറഞ്ഞു.വാടക കൊടുക്കാൻ ഇനി പുതിയ വായ്പ എടുക്കണം.
അബ്ദുള്ളയുടെ മറ്റൊരു മകൻ ഹാരീസും ഫോട്ടോഗ്രാഫറാണ്. കുണ്ടുക്കാടും പുതുക്കോടും രണ്ടിടത്തും സ്റ്റുഡിയോയാണ് ഹാരീസിന്.എന്നാൽ ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സ്റ്റുഡിയോ ഫീൽഡ് രക്ഷപ്പെടാൻ പിന്നേയും മാസങ്ങളേറെ വേണ്ടിവരുമെന്നാണ് ഹാരീസ് പറയുന്നത്.