തൊടുപുഴ: ഒന്നു പുഞ്ചിരിച്ചാൽ കുട്ടികളുടെ മുഖവും തെളിയും ഹാജരും റെഡി. അതിലുപരി ശരീരോഷ്മാവ് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.
കേരളത്തിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയല്ലിത്. തൊടുപുഴയ്ക്കു സമീപമുള്ള കാപ്പ് ഗ്രാമത്തിലെ എൻഎസ്എസ് എൽപി സ്കൂളിലാണ് ആരെയും അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ രൂപകൽപന ചെയ്തിരിക്കുന്നത്.
ബയോബബിൾ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് ഈ സംവിധാനം ജില്ലയിൽ ആദ്യമായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഈ സംവിധാനത്തിന്റെ പ്രവർത്തനരീതി ഇങ്ങനെയാണ്. ഓരോ വിദ്യാർഥിയും സ്കൂളിൽ വരുന്പോൾ സ്മാർട്ട് ഗാർഡിനു മുന്നിൽ ചിരിക്കണം.
ഇങ്ങനെ ചെയ്യുന്പോൾ ആ വിദ്യാർഥിയുടെ മുഖം അതിൽ പതിയും. ഹാജർ മാർക്ക് ചെയ്യുന്നതോടൊപ്പം സമയവും ശരീരോഷ്മാവും കണ്ടെത്താൻ ഇതിലൂടെ കഴിയും.
വിദ്യാർഥി സ്കൂളിൽ നിന്നു പോകുന്പോഴും ഈ പ്രക്രിയ ആവർത്തിക്കും. അധ്യാപകർക്കും ഈ സംവിധാനം ബാധകമാണ്.
സ്മാർട്ട് ഗാർഡിനു മുന്നിൽ കടന്നുവന്ന അധ്യാപകൻ പുറത്തുപോയാൽ ലീവ് മാർക്ക് ചെയ്യും. ഉടൻതന്നെ ഹെഡ്മാസ്റ്റർക്ക് ഇതിന്റെ അറിയിപ്പ് ലഭിക്കുകയും ചെയ്യും.
പുറത്തുപോയ ആൾ തിരിച്ചുവരുന്പോൾ എവിടെ പോയെന്ന് അറിയാനാകും. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാന്പസ് മുഴുവൻ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. റെയ്്ഞ്ചിനു പുറത്തായാൽ സ്വാഭാവികമായി ജീവനക്കാരുടെ ലീവ് മാർക്ക് ചെയ്യപ്പെടും.
2016 മുതൽ സ്കൂളിൽ പഞ്ചിംഗ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിരലടയാളം പതിക്കുന്നതുമൂലമുള്ള പ്രശ്നം ഒഴിവാക്കാൻ തീരുമാനിച്ചപ്പോഴാണ് സ്മാർട്ട് ഗാർഡ് സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്.
ഇതിനാവശ്യമായ സോഫ്റ്റ് വെയർ ഹെഡ്മാസ്റ്റർ വിധു പി.നായരുടെ നേതൃത്വത്തിൽ തയാറാക്കി. പിന്നീട് ഡൽഹിയിലുള്ള കന്പനിയുമായി ചേർന്നാണ് സ്മാർട്ട് ഗാർഡ് രൂപകൽപന ചെയ്തത്.
ഇതുവഴി സ്കൂളിലെ ബയോബബിൾ സംവിധാനം പൂർണമായും സുരക്ഷിതമാക്കാനും അണുവിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
എല്ലാ സ്കൂളുകളും ബയോബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇത്ര കാര്യക്ഷമവും സൂക്ഷ്മവുമായ സംവിധാനം മറ്റൊരിടത്തും ഏർപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.