സംഗീത ഉപകരണങ്ങൾ ഉപയോഗി ക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ പലർക്കും ആഗ്രഹം കാണും. എന്നാൽ ഇതിന്റെ ചെലവും മറ്റ് അസൗകര്യങ്ങളും പരിഗണിച്ച് പലപ്പോഴും ആളുകൾ ഇതിന് മുതിരാറില്ല.
ഗിത്താർ വായിച്ചു പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാൽ ആ സ്വപ്നം നടക്കാതെ പോയവർക്കായി ദിവസവും ഒരു രൂപ ഫീസ് വാങ്ങി ഗിത്താർ വായിക്കാൻ പഠിപ്പിക്കുകയാണ് എസ്.വി. റാവു എന്ന ആന്ധ്രാപ്രദേശുകാരൻ. ഗിത്താർ റാവു എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു സിവിൽ എൻജിനിയറായിരുന്നു.
ഹൈദരാബാദ് നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഇദ്ദേഹത്തിന്റെ ക്ലാസുകൾ. എല്ലാ ദിവസവും അതാത് സമയത്ത് ഈ ഇടങ്ങളിൽ റാവുവിനെ കാണാം. ഗിത്താർ വാങ്ങാൻ പണമില്ലാത്തവർക്ക് അത് വാങ്ങി നൽകാനും റാവു ശ്രമിക്കാറുണ്ട്. 2014 മുതൽ ഇദ്ദേഹം ഇവിടങ്ങളിൽ ഗിത്താർ പഠിപ്പിക്കുന്നു. ഇപ്പോൾ ഒരു ദിവസം 160 കുട്ടികളാണ് ഇദ്ദേഹത്തിന്റെ അടുത്ത് ഗിത്താർ പഠിക്കാനായി എത്തുന്നത്.