കെ.എം. വൈശാഖ്
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും.. ഏതാനും ദിവസം കഴിയുന്പോൾ അതെല്ലാവരും മറക്കും… എന്നാൽ, ഇവിടെ ഒരു നായ ചത്ത് അറുപതു വർഷം കഴിഞ്ഞിട്ടും “മരിച്ചിട്ടില്ല’! കേട്ടിട്ട് അതിശയം തോന്നുന്നുവോ? അറുപതിലേറെ വര്‍ഷമായി ഒരു ചെസ്നട്ട് ഓക്ക് മരം വീടാക്കിയ സ്റ്റക്കി എന്ന നായ സമൂഹ മാധ്യമങ്ങളിലെ താരമാണ്.
സ്റ്റിക്കി ലോകത്തുനിന്നു വിടപറഞ്ഞിട്ട് ആറു പതിറ്റാണ്ടായി. അമേരിക്കയിലെ ജോര്‍ജിയയിലെ വേക്രോസ് നഗരത്തിലെ സതേണ്‍ ഫോസ്റ്റ് വേള്‍ഡ് മ്യൂസിയം ആന്‍ഡ് എണ്‍വയോണ്‍മെന്റല്‍ സെന്ററിലാണ് സ്റ്റക്കി ഇന്ന്.
തന്റെ ജീവന് പോകുന്ന സമയത്ത് ഏങ്ങനെ ആയിരുന്നോ അങ്ങനെതന്നെ മ്യൂസിയത്തില്‍ ഇരിക്കുകയാണ്. കാണുന്നവര്‍ക്ക് എന്നും വിസ്മയമായി. അതോടൊപ്പം ഇത്രയും കാലം ഈ നായയുടെ ജഡം എങ്ങിനെ നശിക്കാതെ നിലകൊണ്ടു എന്ന അദ്ഭുതവും.
മരത്തടിയിലെ മമ്മി!
ഇവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഒരുചെസ്നട്ട് ഓക്ക് മരത്തടിയിലാണ് സ്റ്റക്കി അന്തിയുറങ്ങുന്നത്. 1980ല്‍ ക്രാഫ്റ്റ് കോര്പ്പറേഷന് എന്ന കമ്പനിയിലെ ജോലിക്കാര്‍ സംഭാന ചെയ്തതാണ് ഈ മരം.
കാട്ടില്‍ മരം വെട്ടാന്‍ പോയ ഇവര്‍ മരം വെട്ടി ലോറിയിലേക്കു കയറ്റുന്നതിനിടെയാണ് മരത്തിന്റെ ഏകദേശം 28 അടി ഉയരം വരുന്ന ഭാഗത്ത് ഉള്ളിലായി ഒരു നായയുടെ ‘മമ്മിഫൈ’ ചെയ്യപ്പെട്ട ശരീരം കാണുന്നത്. പിന്നെയൊന്നും ചിന്തിച്ചില്ല അവനെ നേരെയങ്ങ് മ്യൂസിയത്തിലെത്തിച്ചു, അതേപടി തന്നെ.
ഇന്നും ഈ മ്യൂസിയത്തിലെ പ്രധാന ആകർഷണം സ്റ്റക്കിയാണ്. മരത്തിൽ ‘സ്റ്റക്ക്’ ആയി പോയതുകൊണ്ടാകാം 2002ലെ ഒരു പേരിടീല്‍ മത്സരത്തില്‍ ഇവനു സ്റ്റക്കി എന്നു പേരിട്ടു.
ഇരുപത് വയസ്
മ്യൂസിയത്തില്‍ എത്തുമ്പോള്‍ത്തന്നെ സ്റ്റക്കിയുടെ ഇരിപ്പിന് ഇരുപതു വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. 20 വര്‍ഷം മുന്‍പ് അണ്ണാനെയോ മറ്റോ പിന്തുടര്ന്നു മരത്തിന്റെ വേരിനടിയിലൂടെ കയറിയപ്പോള്‍ വണ്ണം കുറഞ്ഞു വരുന്ന തടിഭാഗത്തിനിടയില് കുടുങ്ങിപ്പോയതാകണം സ്റ്റക്കി.
ദിവസങ്ങളോളം വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തതാകാമെന്നാണ് അനുമാനം. എന്നാല്‍, ആളുകളെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇത്രയും വര്‍ഷം അവന്റെ ശരീരം എങ്ങനെ അഴുകാതെ കിടന്നു എന്നുള്ളതാണ്.
സ്റ്റക്കിയുടെ രഹസ്യം!
സാധാരണ ഒരു നായയുടെ ജഡം ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അഴുകാനും ദുര്‍ഗന്ധം വമിപ്പിക്കാനും തുടങ്ങും. അതോടെ അതു മറ്റേതെങ്കിലും ജീവിയുടെ ഭക്ഷണമായി മാറും. എന്നാല്‍, കാടിനുള്ളില്‍ ആയിട്ടും വര്‍ഷങ്ങള്‍ക്കു ശേഷം ജഡം കണ്ടുകിട്ടുന്പോഴും നായയുടെ ശരീരത്തിന് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. ഇതിനെക്കുറിച്ചു ഗവേഷകർ പഠനം നടത്തി. അവർ കണ്ടെത്തിയ രഹസ്യം ഇങ്ങനെ:
ഓക്ക് മരങ്ങളില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡ് നായയുടെ ശരീരത്തിലെ ഈര്‍പ്പത്തെ വലിച്ചെടുത്ത് ഉണക്കി സൂക്ഷിച്ചു. ഇതിനൊപ്പം ഊഷ്മാവ് കുറഞ്ഞ അന്തരീക്ഷമടക്കമുള്ള അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതു സ്റ്റക്കിയുടെ ശരീരത്തെ കട്ടിയുള്ളതാക്കി ‘നാച്യുറല്‍ മമ്മിഫിക്കേഷന് ‘എന്ന അവസ്ഥയില്‍ എത്തിച്ചു.
സംഗതി എന്തൊക്കെയാണെങ്കിലും സ്റ്റക്കി അന്നും ഇന്നും മ്യൂസിയത്തിലും അതുപോലെ സാമൂഹ്യമാധ്യമങ്ങളിലും ജീവനോടെ നിലനില്ക്കുന്നു. സ്റ്റക്കിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലും മറ്റും ‘ ഈ നായ നമ്മുടെ നാട്ടിലായിരുന്നേല്‍ ഇന്ന് ദൈവമായേനെ’ എന്ന തരത്തിലുള്ള ‘മലയാളീ പരിഹാസങ്ങളും’ ഇഷ്ടംപോലെയുണ്ട്.