കോയന്പത്തൂർ: തമിഴ്നാട്ടിൽ അധ്യാപകൻ മാനഭംഗപ്പെടുത്തിയതിനെത്തുടർന്നു പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.
സ്പെഷൽക്ലാസ് നടത്താനെന്ന വ്യാജേന അധ്യാപകൻ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തിനെ ഫോണിൽവിളിച്ച് അറിയിച്ചശേഷമാണ് ജീവനൊടുക്കിയത്.
മാനഭംഗപ്പെടുത്തിയ അധ്യാപകനെക്കുറിച്ചു പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സ്കൂൾ പ്രിൻസിപ്പലിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടി പരാമർശിച്ചിരുന്നു.
അധ്യാപകൻ മാനഭംഗപ്പെടുത്തിയെന്ന വിവരം പെൺകുട്ടി സ്കൂൾ മാനേജ്മെന്റിനെയാണ് ആദ്യം അറിയിച്ചത്. ഇതേത്തുടർന്ന് അധ്യാപകനെ പിരിച്ചുവിടുകയും പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും ചെയ്തു.
ആർഎസ് പുരത്തുതന്നെയുള്ള മറ്റൊരു സ്കൂളിലേക്കു പെൺകുട്ടിയെയും മാറ്റി. എന്നാൽ, മാനസിക ബുദ്ധിമുട്ടുമൂലം പെൺകുട്ടിക്ക് പഠനം തുടരനായില്ല.
ഇതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ ഉൾപ്പെടെ കുറ്റക്കാർക്കെതിരേ കർക്കശന നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ കോയന്പത്തൂരിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
കോയന്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചു.
കഴിഞ്ഞദിവസം അറസ്റ്റിലായ അധ്യാപകനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ ഉദുമൽപേട്ട് സബ് ജയിലിലേക്കു മാറ്റി.
ഒളിവിൽതുടരുന്ന സ്കൂൾ പ്രിൻസിപ്പലിനെ പിടികൂടാനായി രണ്ട് സംഘങ്ങളെ നിയോഗിച്ചു.
അധ്യാപകൻ പെൺകുട്ടിക്ക് അയച്ച മോശം സന്ദേശങ്ങളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തി. മൊബൈൽ ഫോണിലെ ചാറ്റ് വിവരങ്ങളും ശേഖരിച്ചുവെന്നും പോലീസ് പറഞ്ഞു.
കുറ്റക്കാർക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബന്ധുക്കൾക്ക് ഉറപ്പു നൽകി.