റിയാസ് കുട്ടമശേരി
ആലുവ: വിദ്യാർഥികൾക്കിടയിൽ അക്രമവാസന വളർത്തുന്ന നിലയിൽ ’ഗ്യാങ് വാർ’ ഗ്രൂപ്പ് സജീവമാകുന്നു. സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന സന്ദേശങ്ങൾ നിരീക്ഷിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പൊളിച്ചടക്കിയത് ആദ്യ നീക്കം. സൈബർ സെൽ നല്കിയ വിവരത്തെ തുടർന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം ആലുവ ഈസ്റ്റ് പോലീസാണ് സ്റ്റുഡൻസ് ഗ്യാങ് വാർ പൊളിച്ചത്.
കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്ലസ് ടു തലത്തിലെ പെരുന്പാവൂർ – ആലുവ മേഖലയിലെ വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. പൂർവവിദ്യാർഥികളും ഇതിൽ പങ്കാളികളായതോടെ ഒടുവിൽ സംഘട്ടനത്തിലാണ് കലാശിച്ചത്.
സമീപ പ്രദേശങ്ങളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ കലോത്സവ വേദിയിൽ എത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നു. തുടർന്നു പോലീസെത്തി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ അടിപിടിക്കു കേസെടുക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇവരെ സ്റ്റേഷനിൽനിന്നും ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. കൂടാതെ പോലീസിനെതിരേ പരാതി നല്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ തുടർച്ചയായിട്ടാണ് പെരുന്പാവൂർ – ആലുവ ഗ്യാങുകൾ തമ്മിലുള്ള സംഘട്ടനത്തിന് ആഹ്വാനം നല്കുന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ സന്ദേശം പടർന്നത്. ഞായറാഴ്ച പ്രചരിച്ച സന്ദേശത്തിൽ പെരുന്പാവൂരും ആലുവയും തമ്മിൽ ഇടി എന്നായിരുന്നു സാരം.
തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ആലുവ കുട്ടമശേരി ജംഗ്ഷനിൽ നടക്കുന്ന സംഘട്ടനത്തിലേക്ക് “ആലുവ ചങ്കുകളെ’ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു സന്ദേശം. ഈ വാട്സ് ആപ് സന്ദേശം ശ്രദ്ധയിൽപ്പെട്ട സൈബർ സെൽ വിവരം എസ്പിയെ അറിയിക്കുകയായിരുന്നു.
തുടർന്നു സിഐ വിശാൽ കെ. ജോണ്സന്റെ നിർദേശപ്രകാരം എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കമാണ് ഗ്യാങ്ങിനെ കുടുക്കിയത്. കുട്ടുമശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്യാങ് തന്പടിക്കുന്നതായി കണ്ടെത്തിയ പോലീസ് മഫ്ത്തിയിലെത്തി പിടികൂടുകയായിരുന്നു.
ആലുവ സ്വദേശികളായ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. സ്കൂളിലെ വിദ്യാർഥികളായ സഹോദരങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു തങ്ങൾ എത്തിയതെന്നു ഇവർ പോലീസിനോടു സമ്മതിച്ചു.
പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഘട്ടനത്തിനു നിശ്ചയിച്ച സമയം കഴിഞ്ഞ ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ആദ്യ നീക്കം പരാജയപ്പെട്ടെങ്കിലും തുടർ സംഘട്ടനം നിരീക്ഷിച്ച് പോലീസ് കർശന നിരീക്ഷണത്തിലാണെന്ന് എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോടു പറഞ്ഞു.