ചിപ്പിയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ച ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി !തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ സെറീന സ്വര്‍ണക്കള്ളക്കടത്തു ലോകത്തെ കിരീടം വയ്ക്കാത്ത രാജകുമാരി…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം 25കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ചിപ്പിയെന്ന സെറീന(42)യെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞെട്ടി. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീനയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ രേഖകള്‍. സെറീന മുമ്പ് പത്തു തവണയാണ് ദുബായില്‍നിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് വന്നുപോയതെന്നും പാസ്പോര്‍ട്ട് രേഖകളില്‍നിന്നു വ്യക്തമാണ്.

പോലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്ക് തുണയാകുന്നത്. കഴിഞ്ഞ ദിവസത്തെ പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികള്‍ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു കൈമാറ്റം ചെയ്തതായി വിവരമുണ്ട്. വിദേശത്തു നിന്നു കടത്തിക്കൊണ്ടു വന്ന 25കിലോ സ്വര്‍ണമാണ് തിരുമല സ്വദേശി സുനില്‍കുമാര്‍,സെറീന എന്നിവരില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സ്വര്‍ണബിസ്‌ക്കറ്റുകളുടെ രൂപത്തിലായിരുന്ന ഇതിന് എട്ടുകോടി രൂപ വിലമതിക്കുന്നതാണ്.

ഒമാനില്‍നിന്നുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണു സെറീന. ഇരുവരും പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തിന് ഇവര്‍ക്കു വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വര്‍ണം ജീവനക്കാര്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കും വെളിച്ചത്തുവരുന്നുണ്ട്.

വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വര്‍ണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലര്‍ച്ചെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു വരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എയ്റോ ബ്രിഡ്ജില്‍ എത്താറില്ല. ദൂരെയുള്ള ടാക്‌സിവേയില്‍ നിര്‍ത്തുന്ന വിമാനങ്ങളില്‍ നിന്നു യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസില്‍ ടെര്‍മിനലില്‍ എത്തിക്കുകയാണ് പതിവ്. ഈ ബസില്‍ വച്ചാണ് സ്വര്‍ണം ജീവനക്കാര്‍ക്കു കൈമാറുന്നത്. പിന്നെയും പലഘട്ടങ്ങളിലും ജീവനക്കാരുടെ സേവനം ആവശ്യമായിട്ടു വരും പ്രതിഫലമായി കിട്ടുന്ന പണം എല്ലാവരും വീതിച്ചെടുക്കുകയാണ് പതിവ്.

Related posts