ബംഗളൂരു: ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 37 വയസുകാരനായ ബിന്നി 23 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 14 ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി-20 യിലും താരം ഇന്ത്യൻ കുപ്പായം അണിഞ്ഞു.
ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ബിന്നിയുടെ പേരിലാണ്. 2014-ൽ ബംഗ്ലാദേശിനെതിരേ മിർപൂരിൽ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ബിന്നി ഇടം നേടി.
മുൻ ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനായ താരം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി മികച്ച റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷം നീണ്ട കരിയറിൽ 95 ആഭ്യന്തര മത്സരങ്ങളിൽ താരം കളിച്ചു.
2013-14 സീസണിൽ 443 റണ്‍സും 14 വിക്കറ്റും നേടിയ ബിന്നി കർണാടകയ്ക്ക് രഞ്ജി ട്രോഫി നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4,796 റണ്‍സും 146 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ബംഗളൂരു റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. എൻസിഎ ലെവൽ 2 കോച്ചിംഗ് സർട്ടിഫിക്കറ്റ് നേടിയ ബിന്നി ഇനി പരിശീലകന്റെ റോളിൽ ക്രിക്കറ്റിനൊപ്പം ഉണ്ടാകും.