ആഷസ് പരന്പരയിലെ പത്ത് ഇന്നിംഗ്സുകളിൽ ഏഴിലും ഡേവിഡ് വാർണറെ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യത്തിനാണു വാർണറെ ബ്രോഡ് മടക്കിയത്.
പരന്പരയിലാകെ മൂന്നു തവണ വാർണർ ബ്രോഡിനു മുന്നിൽ പൂജ്യത്തിനു വീണു. ബാക്കി മൂന്നു തവണ ജോഫ്ര ആർച്ചറാണു വാർണറെ പുറത്താക്കിയത്. അഞ്ചു ടെസ്റ്റുകളിലെ പത്ത് ഇന്നിംഗ്സുകളിലായി വെറും 95 റണ്‍സാണു വാർണറുടെ സന്പാദ്യം. 61 ആണ് ടോപ് സ്കോർ. പത്തിൽ താഴെ റണ്‍സിനാണ് എട്ടു തവണയും പുറത്തായത്.
അതേസമയം, വാർണർക്കൊപ്പം വിലക്ക് നേരിടേണ്ടി വന്ന സ്റ്റീവൻ സ്മിത്ത് തകർപ്പൻ ഫോമിലാണ്. നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിംഗ്സുകളിൽ 774 റണ്‍സാണു സ്മിത്ത് അടിച്ചുകൂട്ടിയത്. ജോഫ്ര ആർച്ചറുടെ പന്ത് കഴുത്തിൽകൊണ്ട് പരിക്കേറ്റതുമൂലം സ്മിത്തിന് ഒരു ടെസ്റ്റ് നഷ്ടമായി.
എന്നാൽ, ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 23 റണ്‍സിനു പുറത്തായതുമൂലം മൂന്ന് റിക്കാർഡുകളാണു സ്മിത്തിനു നഷ്ടമായത്. 27 റണ്‍സ് കൂടി എടുത്തിരുന്നെങ്കിൽ ഈ പരന്പരയിൽ 800 റണ്‍സ് നേടാനാകുമായിരുന്നു.
ടെസ്റ്റിൽ 7,000 റണ്‍സും തികയ്ക്കാമായിരുന്നു. ഇതുകൂടാതെ പരന്പരയിൽ ഏഴ് ഇന്നിംഗ്സിലും അർധ സെഞ്ചുറി എന്ന നേട്ടവും കൈവരിക്കാനാകുമായിരുന്നു. ഒരു പരന്പരയിൽ 800 റൺസ് അവസാനമായി നേടിയത് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക് ടെയ്ലറാണ്(1989ൽ).
അതേസമയം, ഒരു പരന്പരയിൽ സ്മിത്ത് നേടുന്ന ഏറ്റവും കൂടിയ റണ്‍സാണ് ആഷസിലേത്. ഇന്ത്യക്കെതിരേ 2014-15 പരന്പരയിൽ നേടിയ 769 റണ്‍സെന്ന റിക്കാർഡാണ് മറികടന്നത്.