തോക്കുചൂണ്ടി പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്ഐ അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി.
കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസില്‍ ചേര്‍ന്നത്. സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണിയാള്‍.
കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച് പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു.
അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു.
അമ്മയും എസ്ഐയുമായുള്ള അവിഹിതബന്ധം ഒരിക്കല്‍ മകള്‍ കണ്ടുപിടിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.
ഇതു കൂടാതെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതുകേട്ടു ഭയന്ന പെണ്‍കുട്ടി കാര്യങ്ങള്‍ ആരോടും പറഞ്ഞില്ല.
എന്നാല്‍, ഇതിനിടെ സതീഷ്കുമാര്‍ പെണ്‍കുട്ടിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.
ബന്ധത്തിന് സമ്മതിപ്പിക്കാന്‍ കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്കുമാര്‍ സാമ്പത്തിക സഹായങ്ങളും നല്കി.
വിലകൂടിയ സ്മാര്‍ട്ട് ഫോണും സമ്മാനങ്ങളും എസ്.ഐ.കൊടുത്തിരുന്നു. പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചെങ്കിലും അമ്മ അതെല്ലാം വാങ്ങിയെടുത്തു.
ഉപദ്രവം സഹിക്കാനാകാതായപ്പോള്‍ കുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നു പറഞ്ഞു. പിതാവ് പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
നിസ്സഹായനായ പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പോക്സോ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.