ചാത്തന്നൂർ: കാലപ്പഴക്കം മൂലം ചാത്തന്നൂർ സബ്ട്രഷറി ദുരിതാവസ്ഥയിൽ .മഴ പെയ്താൽ ചോർച്ചയാണ്. സബ് ട്രഷറി ഓഫീസറുടെ മുറി പോലും വെള്ളത്തിലാകും.സ്ഥലസൗകര്യമില്ലാത്തത് മൂലം ട്രഷറിയിലെത്തുന്ന വയോധിക രായ പെൻഷൻകാർ ഉൾപ്പെടെ ദുരിതത്തിലാണ്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ സബ്ട്രഷറി കെട്ടിടത്തിന്റെ പകുതിയും പൊളിക്കേണ്ടി വരും.
ചാത്തന്നൂർ പഞ്ചായത്ത് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് സമ്പ് ട്രഷറിയ്ക്കായി പഞ്ചായത്ത് വിട്ടുകൊടുത്തത്.പുതിയ കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസ് അതിലേയ്ക്ക് മാറ്റി. പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടവും ഇപ്പോൾ മാറ്റി. പഞ്ചായത്ത് ഓഫീസിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാനാണ് ശ്രമം.
സബ്ട്രഷറിയ്ക്കു് കെട്ടിടം നിർമ്മിക്കാനായി ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് സമീപം പത്ത് സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിട്ട് വർഷങ്ങളായി.രണ്ടു നില കെട്ടിടം നിർമ്മിക്കാൻ ധനവകുപ്പ് പ്ലാൻ തയാറാക്കി നാല് കോടിയോളം രൂപയും അനുവദിച്ചിട്ടുണ്ട്.
കെട്ടിട നിർമ്മാണം ഇൻകെൽ എന്ന സ്ഥാപനത്തിനാണ് നല്കിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇൻകെൽ ഇരുവരെ കെട്ടിട നിർമ്മാണം തുടങ്ങിയിട്ടില്ല. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്.
ആറ് മാസത്തിനകം തന്നെ ഈ നടപടികൾ പൂർത്തിയാകാനാണ് സാദ്ധ്യത .അതോടെ ട്രഷറി കെട്ടിടവും പൊളിക്കേണ്ടി വരും. സ്വന്തം കെട്ടിടം നിർമ്മാണം ഇതു വരെ തുടങ്ങിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ സബ്ട്രഷറി വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വരും. അത് വയോധികർ ഉൾപ്പെടെയുള്ളവരെ ദോഷമായി ബാധിക്കും. സ്വന്തം കെട്ടിടം പണി എത്രയും വേഗം ആരംഭിച്ച് പൂർത്തിയാക്കണമെന്നാണ് ആവശ്യം.