ആലപ്പുഴ: സുഭദ്ര വധക്കേസിൽ കുറ്റവാളിയുടെ പട്ടികയിൽ ഒരാൾക്കൂടി. ഒന്നും രണ്ടും പ്രതികളായ ദമ്പതികളുടെ സുഹൃത്ത് റെയ്നോൾഡിനെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുട എണ്ണം മൂന്നായി.
മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റെയ്നോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് നാലു മുതൽ സുഭദ്രക്ക് ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പോലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് പ്രതികൾ സുഭദ്രയെ കൊലപ്പെടുത്തിയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിൽ സുഭദ്രയെ മറവ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽപോയ മാത്യൂസിനെയും ശര്‍മിളയെയും കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. രണ്ട് മാസം മുമ്പ് കടവന്ത്രയിൽ വെച്ചും സുഭദ്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പ്രതികൾ പോലീസിൽ മൊഴി നൽകി.