പുതുനഗരം: കുളത്തുമേട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പല്ലശേന രാമന്റെ മകൾ സുഭദ്രയെയാണ് (43) ഇക്കഴിഞ്ഞ ദിവസം പുതുനഗരത്തെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് ഭർത്താവ് രാജൻ പോലീസിനു മൊഴി നല്കിയിരിക്കുന്നത്.
എന്നാൽ ഭർത്താവായ രാജൻ സുഭദ്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ പുതുനഗരം പോലീസിൽ പരാതി നല്കിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടിയൂണ്ടാകൂവെന്ന് അധികതർ വെളിപ്പെടുത്തി.ഇതിനുശേഷം മരിച്ച സുഭദ്രയുടെ കുടുംബക്കാരും സ്ത്രീകൾ ഉൾപ്പെടെ നൂറോളംപേർ പുതുനഗരം പോലീസ് സ്റ്റേഷനിൽ ഉപരോധ സമരം നടത്തിയിരുന്നു.
ഭർത്താവ് രാജനെ അറസ്റ്റുചെയ്ത് കൊലക്കുറ്റത്തിനു കേസേടുക്കണമെന്നം സമരക്കാർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മരണകാരണം വ്യക്തമായാൽ തുടർനടപടിയെടുക്കുമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.എന്നാൽ ഇന്നലെയും റിപ്പോർട്ട് ലഭിച്ചില്ലെന്ന പോലീസ് അറിയിപ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ രാജൻ ഒളിവിലാണെന്നും നാട്ടുകാർ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കാണാൻ കഴിഞ്ഞില്ലെന്നാണ് ഇപ്പോൾ എസ്ഐ പറയുന്നത്. സുഭദ്രയുടെ അസ്വഭാവിക മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസ് മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായ ആരോപണം ശക്തമാണ്.പ്രദേശത്തെ ജനങ്ങളുടെ വികാരം മനസിലാക്കി സുഭദ്രയുടെ മരണത്തിലെ ദുരൂഹത വെളിപ്പെടുത്തണമെന്ന ജനകീയ ആവശ്യം ശക്തമാണ്.