ന്യൂഡല്‍ഹി: ചരിത്രം ഒരു കൈയകലത്തില്‍ സിന്ധുവിനു നഷ്ടമായി. ദുബായില്‍ നടന്ന ബാഡ്മിന്റണ്‍ വേള്‍ഡ് സൂപ്പര്‍ സീരിസ് ഫൈനലില്‍ ജപ്പാന് താരം അകാനെ യമാഗുച്ചിക്കു മുന്നില്‍ കീഴടങ്ങിയതോടെ വിജയം നേടി സീസണ് അവസാനിപ്പിക്കണമെന്നുള്ള സിന്ധുവിന്റെ ആഗ്രഹം ഫലവത്തായില്ല.
വിജയിച്ചിരുന്നെങ്കില്‍ വേള്‍ഡ് സൂപ്പര്‍ സീരിസ് ഫൈനല്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധുവിനു സ്വന്തമായേനെ.94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 15-21, 21-12, 21-19 എന്ന നിലയിലാണ് യമാഗുച്ചി സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ശനിയാഴ്ച നടന്ന സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യുഫേയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധു ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഫൈനലില്‍ യമാഗുച്ചിയോട് ഇഞ്ചോടിഞ്ചു പൊരുതിയാണ് സിന്ധു പരാജയം വഴങ്ങിയത്. ആദ്യ ഗെയിം 21-15 നു സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായി. നിര്‍ണായകമായ മൂന്നാം ഗെയിം ഉദ്വേഗജനകമായിരുന്നു. 19-19 എന്ന നിലയില്‍ ഇരുവരും അല്പനേരം ഏറ്റുമുട്ടി.
ഒടുവില്‍ സിന്ധുവിന്റെ ചില നിസാര പിഴവുകള്‍ മുതലാക്കി യമാഗുച്ചി സ്കോര്‍ ചെയ്യുകയായിരുന്നു. വേള്‍ഡ് സൂപ്പര്‍ സീരിസ് ഫൈനലില്‍ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സിന്ധു. 2011 ല്‍ സൈന നെഹ്വാള് സൂപ്പര്‍ സീരിസ് ഫൈനല്‍ റണ്ണര്‍ അപ് ആയിരുന്നു.