ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമയും ഉമ്മത്തൂര്‍ സ്വദേശിയുമായ പോത്തഞ്ചേരി ബഷീറിനെ (52) ദേഹത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മലപ്പുറത്തിനടുത്തു ചാപ്പനങ്ങാടി സ്വദേശിനി സുബൈദ (48)യെയാണ് ഇന്നലെ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 20നു രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റ ബഷീര്‍ 22നു രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരിച്ചത്.കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് ബഷീറിന്റെയും സുബൈദയുടെയും ഫോണ്‍വിളികള്‍കൂടി പരിശോധിച്ചതോടെയാണ് കൊലപാതകത്തിനു പിന്നില്‍ ഭാര്യ തന്നെയെന്നു കണ്ടെത്തിയത്.
സംഭവത്തിന്റെ തലേദിവസം മഞ്ചേരിയിലെ കടയില്‍ സുബൈദ നേരിട്ടെത്തിയാണ് ആസിഡ് വാങ്ങിയത്. മുഖത്തും ശരീരത്തിന്റെ മുന്‍ഭാഗത്തും ഒഴിക്കാന്‍ കഴിയുന്ന പാത്രം വീട്ടില്‍ തയാറാക്കി വച്ചു. ഒടുവില്‍, രാത്രി 11ന് കൃത്യം നടപ്പാക്കി. ബഷീറും സുബൈദയും മാത്രമുണ്ടായിരുന്ന വീട്ടില്‍നിന്ന് ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ പുലര്‍ച്ചെ രണ്ടുവരെ കാത്തിരുന്നതെന്തിനെന്ന ചോദ്യത്തിന് സുബൈദയ്ക്ക് ഉത്തരമുണ്ടായില്ല. ഇതും സുബൈദയെ കുടുക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടുപിടിച്ചതും നിര്‍ണ്ണായകമായി. മണിക്കൂറുകള്‍ താമസിച്ചാണ് ബഷീറിനെ മലപ്പുറം വാറങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇങ്ങോട്ടു വരുന്നവഴിയാണ് സുബൈദ ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിക്കു മുന്പിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. കന്നാസ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യവും ലഭിച്ചു.