തൃശൂർ: ബീഡി തെറുത്തും ലോട്ടറി ടിക്കറ്റു വിറ്റും ഉപജീവനം നടത്തിയിരുന്ന ചെന്പൂക്കാവ് അറയ്ക്കവീട്ടിൽ സുബൈദയുടെ വീട്ടിൽ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം പൈപ്പുലൈൻ എത്തി. വീടിനകത്തെ ടാപ്പു തിരിച്ചാൽ വെള്ളം കിട്ടും.
ചെന്പൂക്കാവിനടുത്ത കീരംകുളങ്ങരയിലുള്ള ചെറിയ വീട്ടിൽ താമസിക്കുന്ന സുബൈദ അന്പതുവർഷമായി കുടിവെള്ള പൈപ്പു കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകിയും പിറകേ നടന്നും വലഞ്ഞതായിരുന്നു.
റോഡരികിലെ പൊതു ടാപ്പിൽനിന്നു വെള്ളം ശേഖരിച്ചാണ് ആ കുടുംബം ഇത്രയും കാലം കഴിച്ചുകൂട്ടിയത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിച്ച് എത്തിയ കോണ്ഗ്രസ് സ്ഥാനാർഥി റെജി ടീച്ചറോടും പതിവുപോലെ സുബൈദ പരാതിപ്പെട്ടിരുന്നു.
പൈപ്പു കണക്ഷൻ ലഭ്യമാക്കുമെന്നു റെജി ഉറപ്പു നൽകുകയും ചെയ്തു.തെരഞ്ഞെടുപ്പിൽ ജയിച്ച റെജി അപേക്ഷയെക്കുറിച്ച് ആരാഞ്ഞപ്പോൾ അങ്ങനെയൊരു അപേക്ഷ ഇല്ലെന്നാണ് അധികാരികൾ അറിയിച്ചത്.
ഇതേത്തുടർന്ന് വീണ്ടും അപേക്ഷ നൽകി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സുബൈദയുടെ വീട്ടിലേക്കു പൈപ്പു കണക്ഷൻ ലഭ്യമാക്കുകയായിരുന്നു.