കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികളെയും തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. ഇന്നലെ വൈകുന്നേരം ഉച്ചയ്ക്കുശേഷം കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ വച്ച് ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. പ്രതികളായ പട്ട്ള സ്വദേശികളായ അബ്ദുൾ ഖാദർ, ബാവ അസീസ് എന്നിവരെ ജയിലിലെ മറ്റു തടവുകാർക്കൊപ്പം നിർത്തിയായിയിരുന്നു പരേഡ്.
അതേസമയം ചെക്കിപ്പള്ളത്ത് സുബൈദയുടെ സമീപവാസികളായ മൂന്നു പേർ പ്രതികളെ തിരിച്ചറിഞ്ഞു. സുബൈദയുടെ മൃതദേഹം കണ്ടെത്തുന്നതിനു തലേന്നാൾ കാറിലെത്തിയെ നാലു പേരെ ഇവർ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയലിന് വിധേയരാക്കിയത്. ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടന്ന പരേഡിന്റെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ജില്ലാ കോടതിക്ക് സമർപ്പിക്കും.
തനിച്ചു താമസിക്കുന്ന സുബൈദയെ ജനുവരി 19ന് രാവിലെയാണ് വീടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. കേസിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാൻ പോലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകുമെന്ന് ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ പറഞ്ഞു.