കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദ(62)യുടെ കൊലയുമായി ബന്ധപ്പെട്ട് നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റു കോടതി (ഒന്ന്) ഉത്തരവിട്ടു.സുബൈദയുടെ വീടിനു സമീപത്തുള്ള നാലു പേരാണിവർ. ഇവരെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ വൈരുധ്യം കണ്ടതാണു നുണപരിശോധന നടത്താൻ പോലീസിനെ നിർബന്ധിതരാക്കിയത്.
കഴിഞ്ഞ 17നാണ് തനിച്ചു താമസിക്കുന്ന സുബൈദയുടെ കൈകാലുകൾ തുണികൊണ്ടു ബന്ധിച്ചു വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒന്നിലധികം പേർ കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നു പോലീസ് കരുതുന്നു. കൊല നടന്ന ദിവസത്തെ മൊബൈൽ ഫോണ് കോളുകളും പരിശോധിക്കുന്നുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താൻ ഉത്തരമേഖലാ ഐജി മഹിപാൽ യാദവ് കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് സ്റ്റേഷനിലെത്തി ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.