ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായി ഉടക്കിപ്പിരിഞ്ഞതിനെത്തുടർന്ന് എൻജിനിയറിംഗ് കോളജിന്റെ പേരു തന്നെ മാറ്റിയ സുഭാഷ് വാസുവിന്റെ പുതിയ സംരംഭത്തിന്റെ തുടക്കത്തിലും വിവാദത്തിന്റെ കല്ലുകടി. മഹാഗുരു ഇന്റർനാഷണൽ സ്കൂളിന്റെ പരസ്യ ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയുമായിട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം രംഗത്തുവന്നത്.
സിപിഎമ്മിന്റെ മുഖപത്രത്തിൽ വന്ന പരസ്യത്തിനെതിരേ പാർട്ടി അംഗം തന്നെയായ ജനപ്രതിനിധിയാണ് രംഗത്തുവന്നതെന്നാണ് കൗതുകകരം. ഭരണക്കാവ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെംബർ പള്ളിക്കൽ കട്ടച്ചിറ തുരുത്തുവിളയിൽ എസ്. അജോയ് കുമാറാണ് പരാതി നൽകിയത്.
കട്ടച്ചിറ മഹാഗുരു കോളജ് ഒാഫ് എൻജിനിയറിംഗ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരേയാണ് പരാതി. കോളജിന്റെ അനുബന്ധ സംരംഭമായ മഹാഗുരു ഇന്റർനാഷണൽ സ്കൂളിന്റെ പരസ്യ ചിത്രത്തിൽ തന്റെ ഫോട്ടോ ഉൾപ്പെടുത്തിയെന്നാണ് അജോയിയുടെ പരാതി. വള്ളികുന്നം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ഗോകുലം ഗോപാലൻ ചെയർമാനും സുഭാഷ് വാസു ജനറൽ സെക്രട്ടറിയുമായാണ് കായംകുളത്ത് സ്കൂൾ ആരംഭിക്കുന്നത്. ആശംസ പ്രസംഗകൻ എന്ന നിലയിലാണ് അജോയ് കുമാറിന്റെ പേര് പരസ്യത്തിൽ വന്നത്. സി.ആർ മഹേഷ് എംഎൽഎ ശിലാസ്ഥാപനം നിർവഹിക്കുമെന്നാണ് പരസ്യത്തിൽ ഉള്ളത്. ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖരുടെ ഫോട്ടോയും പേരുകളുമുണ്ട്.
വെള്ളപ്പള്ളി നേടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു അവരുമായി നടത്തുന്ന പോരിന്റെ കഥ കൂടി മഹാഗുരു എൻജിനിയറിംഗ് കോളജിനു പറയാനുണ്ട്.
നേരത്തെ വെള്ളപ്പള്ളി നടേശൻ കോളജ് ഒാഫ് എൻജിനിയറിംഗ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. അപ്പോൾ തുഷാർ വെള്ളാപ്പള്ളിയും ഇതിൽ ഒാഹരി ഉടമയായിരുന്നു.
എന്നാൽ, പിന്നീട് ഇവരുമായി അകന്നതോടെ സുഭാഷ് വാസു തുഷാറിനെ ഒഴിവാക്കി ഒാഹരികൾ ഗോകുലം ഗോപാലനു വിറ്റു. ഇപ്പോൾ ഇരുവരും ചേർന്നാണ് ഈ സംരഭം മുന്നോട്ടുകൊണ്ടുപോകുന്നത്. തുടക്കകാലത്ത് ഈ കോളജിനെതിരേ ഏറ്റവും കൂടുതൽ സമരം നടത്തിയിരുന്നതു സിപിഎം സംഘടനകളായിരുന്നു.
കൃഷിഭൂമി നികത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അക്കാലത്തെ സമരങ്ങൾ. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർന്നു. സുഭാഷ് വാസുവിനെതിരേയുള്ള ഫോട്ടോ വിവാദത്തിനു പിന്നിൽ എതിരാളികളുടെ പ്രേരണയുണ്ടോയെന്ന അന്വേഷണത്തിലാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ.
എന്നാൽ, വിവാദത്തിൽ കാര്യമില്ലെന്നും ഒരു ചടങ്ങ് നടക്കുന്പോഴുള്ള സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് ചിത്രം വന്നതെന്നുമുള്ള നിലപാടിലാണ് സുഭാഷ് വാസുവുമായി അടുപ്പമുള്ളവർ.
നേരത്തെ വെള്ളാപ്പള്ളിയും തുഷാറുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു സുഭാഷ് വാസു. തുഷാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബിഡിജെഎസ് പാർട്ടിയുടെ തലപ്പത്തും നിർണായക സ്ഥാനത്ത് സുഭാഷ് വാസു ഉണ്ടായിരുന്നു.
പാർട്ടിയുടെ നോമിനിയായ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തും അദ്ദേഹം എത്തിയിരു ന്നു. വെള്ളാപ്പള്ളി യുമായി അകന്നതോടെ ആ സ്ഥാനം പിന്നീടു രാജിവയ്ക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം വെള്ളാപ്പള്ളിക്കെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്ന ഗോകുലം ഗോപാലനുമായി കൈകോർക്കുക യായിരു ന്നു. ഗോകുലം ഗോപാലൻ കൂടി കൈകോർത്തതോടെ മഹാഗുരു കോളജ് വൈവിധ്യവത്കരണത്തിന്റെ പാത യിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഇന്റർനാഷണൽ സ്കൂളും ആരംഭിച്ചത്.