കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാവിനെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ അണിയറനീക്കങ്ങള്‍ ആൻഡി ക്ലൈമാക്സിലേക്ക്. ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമായിരുന്ന ബി. സുബ്ബയ്യറായിയായിരുന്നു ബിജെപിയുടെ ഉന്നം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം വരെ കാസര്‍ഗോഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒന്നാംപേരുകാരനായിരുന്ന സുബ്ബയ്യറായ് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അസംതൃപ്തിയിലായിരുന്നു.
കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ബിജെപി നേതാക്കള്‍ പലവട്ടം സുബ്ബയ്യറായിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്ന റായ് പക്ഷേ എം.സി. ഖമറുദ്ദീന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നതോടെ പുനരാലോചനയിലാണെന്നാണ് വിവരം.ബിജെപിയുടെ വാഗ്ദാനം തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ വ്യക്തിപരമായി അടുത്ത ബന്ധമുള്ള കേരളത്തിലെയും കര്‍ണാടകയിലെയും ചില കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി സുബ്ബയ്യ റായ് ആലോചനകള്‍ നടത്തിയിരുന്നു.’
താരതമ്യേന ജൂനിയറായ എ.കെ.എം. അഷ്റഫോ കോണ്‍ഗ്രസ് അണികള്‍ക്ക് താല്പര്യമില്ലാത്ത മറ്റാരെങ്കിലുമോ ലീഗ് സ്ഥാനാര്‍ഥിയായി വന്നിരുന്നെങ്കില്‍ വാഗ്ദാനം സ്വീകരിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് സുബ്ബയ്യറായിയുമായി അടുത്ത വൃത്തങ്ങള്‍ രാഷ്ട്രദീപികയോട് പറഞ്ഞു. എന്നാല്‍ റായ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ഖമറുദ്ദീന് സ്ഥാനാര്‍ഥിയായതോടെ ഇതിനു മാറ്റം വന്നു. താന്‍ ഈ നിമിഷം വരെയും കോണ്‍ഗ്രസ്സില്‍ തന്നെയാണ് ഉള്ളതെന്നാണ് സുബ്ബയ്യറായി ഒരു സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞത്.
സുബ്ബയ്യറായിയുടെ അന്തിമതീരുമാനത്തിനായി ഒരു ദിവസം കൂടി കാത്തുനില്‍ക്കാനാണ് ബിജെപിയുടെ തീരുമാനം. തീരുമാനം അനുകൂലമല്ലെങ്കില്‍ മിക്കവാറും ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് സാധ്യത.ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായിരുന്ന അന്തരിച്ച ഐ. രാമറായിയുടെ മകനാണ് സുബ്ബയ്യ റായ്. മഞ്ചേശ്വരം മേഖലയില്‍ കോണ്‍ഗ്രസിന് അസ്ഥിവാരമിട്ട നേതാക്കളിലൊരാളായ രാമറായ് 1980 ല്‍ യുഡിഎഫ് ധാരണയുടെ പേരില്‍ മഞ്ചേശ്വരം സീറ്റ് ആദ്യമായി ലീഗിന് കൈമാറിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ളയുടെ പരാജയത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
സീറ്റ് സ്ഥിരമായി ലീഗിന് വിട്ടുകൊടുത്തതോടെ മേഖലയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണ് ചെയ്തതെന്ന ആരോപണം നേരത്തേ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏറെക്കാലമായി പ്രതിഷേധത്തിലുള്ള കോണ്‍ഗ്രസ് വോട്ടുകളെ കൂടി സ്വാധീനിക്കാന്‍ സുബ്ബയ്യ റായിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രാമറായിയുടെ കാലം മുതല്‍ മണ്ഡലത്തില്‍ വളര്‍ത്തിയെടുത്ത വിപുലമായ വ്യക്തിബന്ധങ്ങളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം. രാമണ്ണറായിയുമായുള്ള കുടുംബബന്ധവും സഹായകമാകും.
ജില്ലയില്‍ കന്നഡ മേഖലയില്‍ നിന്നുള്ള നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുന്നതായ ആരോപണങ്ങളെയും മുതലെടുക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിനായി പലതവണ പരിഗണിക്കപ്പെട്ടിട്ടും എല്ലായ്പോഴും അവസാനനിമിഷം മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന ചരിത്രമാണ് സുബ്ബയ്യ റായിക്കുള്ളത്.
ലീഗിന്റെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് മേഖലയില്‍ വീണ്ടും ഉയര്‍ന്നുവന്ന പ്രാദേശികവാദത്തിന്റെ പ്രയോജനവും കന്നഡ ഭാഷക്കാരനായ സ്ഥാനാര്‍ഥിക്കു ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പകരം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിന് കന്നഡ ഭാഷ അറിയാമെങ്കിലും ജില്ലയുടെ തെക്കന്‍ മേഖലയില്‍ നിന്നുള്ള ആളാണ്.