തിരുവനന്തപുരം: സംഗീതജ്ഞയും ചലച്ചിത്രനടിയുമായ ആർ. സുബ്ബലക്ഷ്മി (87)ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകൻ കൃഷ്ണമൂർത്തി നാട്ടിലെത്തിയശേഷം ഇന്ന് വൈകുന്നേരം നാലരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 8.40ഓടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ചെറുമകൾ സൗഭാഗ്യ വെങ്കിടേഷിന്റെ മുടവൻമുഗളിലെ വസതിയിലാണ് പൊതുദർശനത്തിന് വച്ചിരിക്കുന്നത്. നേരത്തെ ശാസ്തമംഗലത്തെ ശിവജി അപ്പാർട്ട്മെന്റിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ച് വന്നിരുന്നത്.
മുടവൻമുഗളിലെ വീട്ടിൽ സുബ്ബലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്.
1951 കാലയളവിൽ ഓൾ ഇന്ത്യാ റേഡിയോയിലെ ജീവനക്കാരിയായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചിരുന്ന സുബ്ബലക്ഷ്മി തെന്നിന്ത്യ മേഖലയിലെ ആദ്യ വനിതാ കംപോസറായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥിരാജും നവ്യാനായരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച നന്ദനം എന്ന ചിത്രത്തിലൂടെയാണ് സുബലക്ഷ്മി ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചത്.
പിന്നീട് കല്യാണ രാമൻ , തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ മുത്തശ്ശി വേഷത്തിൽ അഭിനയിച്ചു. കല്യാണ രാമനിലെയും പാണ്ടിപ്പടയിലെയും അഭിനയം പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു.