സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണം തടഞ്ഞ് നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിലൂടെയാണ് ദേവികുളം സബ്കളക്ടര്‍ രേണുരാജ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് എസ്. രാജേന്ദ്രന് എംഎല്‍എ സബ്കളക്ടറെ ബുദ്ധിയില്ലാത്തവള് എന്ന് വിളിച്ചതും വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും നിര്‍ണായകവും അഭിനന്ദനാര്‍ഹവുമായ മറ്റൊരു നടപടിയിലൂടെ രേണുരാജ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.
പ്ലംജൂഡി റിസോര്‍ട്ടിലേക്കുള്ള ടാറിംഗ് നടത്താനുള്ള ശ്രമമാണ് രേണുരാജ് തടഞ്ഞത്. ആരുടേയും കണ്ണില്‍ പെടാതെ അര്‍ധരാത്രി പള്ളിവാസല്‍ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിലേക്ക് ടാറിംഗ് നടത്താനാണ് ഉടമകള്‍ ശ്രമിച്ചത്. നേരത്തെ പലവട്ടം വിവാദത്തിലായ കേസാണ് ഉടമകള്‍ വീണ്ടും കുത്തി പൊക്കുന്നത്.
എന്നാല്‍ ഉടമകളുടെ കള്ളത്തരത്തിന് ദേവികുളം സബ് കളക്ടര്‍ രേണുരാജ് തടയിടുകയായിരുന്നു. രാത്രി തന്നെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഉടമകള്‍ കളക്ടറെ സമീപിച്ചു. കെഎസ്ഇബിയുടെ അനുമതി പ്രകാരമാണ് ടാറിംഗ് പണികള്‍ നടത്തുന്നതെന്ന് അറിയിച്ചെങ്കിലും കളക്ടര്‍ രേഖകള്‍ നല്കാന് തയ്യറായില്ല.
പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട് റവന്യൂ വകുപ്പ് അടച്ചിരുന്നു. പിന്നീട് പ്രളയത്തില്‍ റിസോര്‍ട്ടിന് സമീപത്ത് പാറകള്‍ വീഴുകയും വിദേശികളടക്കമുള്ളവരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് റോഡ് ടാര്‍ ചെയ്യാന്‍ നീക്കം നടന്നത്.