തളിപ്പറമ്പ്: സഹികെട്ടപ്പോള്‍ സബ്കളക്ടര്‍ നിയമം പ്രയോഗിച്ചു, പൊതുമരാമത്ത് വകുപ്പിന്റെ കണ്ണ് തുറന്നു. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ രണ്ട് ലിഫ്റ്റുകളും പണിമുടക്കിയിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല.
ഭിന്നശേഷിക്കാരായ നിരവധി പേര് എംപ്ലോയ്മെന്റ് എക്സേചേഞ്ച് ഉള്‍പ്പെടെയുള്ള ഓഫീസുകളിലെത്താന്‍ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങളിലും വാര്‍ത്തകളായിരുന്നു.
തളിപ്പറമ്പ് താലൂക്ക് സഭയിലും ഇത് പരാമര്‍ശ വിഷയമായി. എന്നിട്ടും ഫണ്ടില്ല എന്ന ന്യായം പറഞ്ഞ് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല.
ഭിന്നശേഷിക്കാരും വയോജനങ്ങളും അനുഭവിക്കുന്ന വിഷമം നേരിട്ട് കാണാനിടയായ സബ്കളക്ടര്‍ എസ്.ഇലക്യ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല.
ഒടുവില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ്കളക്ടര്‍ തന്റെ വജ്രായുധം പുറത്തെടുത്തു.
ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് 133 പ്രകാരം പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിനെതിരെ കേസെടുത്തതോടെ കളി കാര്യമാകുമെന്ന് കണ്ട ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ലിഫ്റ്റ് കേടുപാടുതീര്‍ത്ത് പ്രവര്‍ത്തിപ്പിച്ചു.
ചാര്‍ജെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ നിയമപരമായ തന്റെ അധികാരങ്ങള്‍ പൊതുജനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന നിരവധി ഉത്തരവുകളാണ് സബ്കളക്ടര്‍ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുന്നത്.