ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയക്ക് കരൾ ദാനം ചെയ്ത തൃശൂർ വേലൂർ വട്ടേക്കാട്ടിൽ പ്രവിജ (34) ആശുപത്രി വിട്ടു.
ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിൽ വിടുതൽ ലഭിച്ചത്. ഇവരുടെ ഭർത്താവ് സുബീഷ് (40) നാണ് പ്രവിജയുടെ കരൾ തുന്നിച്ചേർത്തത്.
കഴിഞ്ഞ 14 ന് രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 12 മണിയോടെയാണ് പൂർത്തീകരിച്ചത്. സുബീഷിന്റ ആരോഗ്യ നില വളരെവേഗം സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 11.30 ന് രണ്ടുപേരേയും അത്യാഹിത വിഭാഗത്തിലെ ഗ്യാസ്ട്രോ എൻട്രോളജി തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.
ഇന്നലെ ആശുപത്രി വിട്ട പ്രവിജ ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജിന് സമീപത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്.