മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകൻ സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശർമ പീഡന പരാതി നൽകി. ശനിയാഴ്ച മുംബൈയിലെ വെർസോവ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ സുഭാഷ് ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ തന്റെ അഭിഭാഷകർ ഇതിനെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഘായിയുടെ പ്രതികരണം.
കഴിഞ്ഞ ഓഗസ്റ്റ് ആറിനു വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി മോശമായി പെരുമാറിയെന്ന് കെയ്റ്റ് പറയുന്നു. ഘായിയുടെ വീട്ടിലെത്തുമ്പോൾ അവിടെ ആറോളം പേരുണ്ടായിരുന്നു. ഇവരുടെ മുന്നിൽവച്ച് തന്റെ ശരീരം തടവിത്തരാൻ ഘായി ആവശ്യപ്പെട്ടു.
ഇതു തന്നെ ഞെട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് തയാറായി. രണ്ടു മൂന്നു മിനിറ്റ് തടവിയ ശേഷം കൈകഴുകാനായി ശുചിമുറിയിലേക്കുപോയപ്പോൾ പിന്തുടർന്നെത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു- കെയ്റ്റ് പരാതിയിൽ പറഞ്ഞു.
ഇവിടെനിന്നു പോകണമെന്നു പറഞ്ഞപ്പോൾ ഘായി ഭീഷണിപ്പെടുത്തിയതായും കെയ്റ്റ് പറയുന്നു. രാത്രിയിൽ തന്നോടൊപ്പം തങ്ങിയില്ലെങ്കിൽ വിട്ടയക്കില്ലെന്നായിരുന്നു ഭീഷണി.