മുക്കം: കാരശേരി ആനയാംകുന്നിൽ യുവതി യുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് സെക്കന്റ് കോടതിയിലാണ് പ്രതി സുഭാഷ് കീഴടങ്ങിയത്. പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടായതിനെ തുടർന്ന് പോലീസ് വിമാനതാവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നതിനിടെയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിൽ കീഴടങ്ങിയത്. കിഴടങ്ങിയ സുഭാഷിനെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഭാഷിന്റെ മുൻ ഭാര്യ സ്വപ്നയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ സംഭവസ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് സുഭാഷ് എടുത്തതാവാമെന്നും സംശയം ഉയർന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ചും പോലീസ് അന്വേഷിച്ചോ എന്നതും വ്യക്തമല്ല. അതിനിടെ സ്വന്തം വീട്ടുകാർ പോലും ഇയാൾ നാട്ടിലെത്തിയതായി അറിഞ്ഞില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ നാട്ടിൻ തന്നെ നാല് ദിവസത്തോളം കഴിഞ്ഞ സുഭാഷിന് ഇവിടെ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ടാവാനാണ് സാധ്യത. ഇയാൾ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നും വ്യക്തമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം ആറോടെ ആനയാത്ത്ക്ഷേത്രത്തിനടുത്ത കോളനി പരിസരത്ത് വെച്ചാണ് യുവതിയെഅക്രമിച്ചത്.
ഗോതമ്പ്റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റായ സ്വപ്ന (31) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടിൽ ഒളിച്ചിരുന്ന അക്രമി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയും തുടർന്ന് കത്തി കൊണ്ട് കുത്തിയും വെട്ടിയും പരുക്കേൽപ്പിക്കുകയുമായിരുന്നു.