തൃശൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിപ്രകാരം തൃശൂർ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത നഗരമാവാൻ കുന്നംകുളം നഗരസഭ തയാറെടുക്കുന്നു.
ഇതിന്റെ ഭാഗമായി 28നു നഗരസഭയോടു ചേർന്ന് 20 രൂപയ്ക്ക് ഉൗണു ലഭിക്കുന്ന കാന്റീൻ തുറക്കും. ജില്ലയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉൗണു ലഭിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്.
രാവിലെ 11 ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ, കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ 500 പേർക്കു ഭക്ഷണം നൽകാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ചോറ്, സാന്പാർ, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് 20 രൂപയുടെ വിഭവങ്ങൾ.
എന്നാൽ ദിവസവും പണിയില്ലാതെ വരുന്നവരോ രോഗികളോ മറ്റ് അശരണരോ ആയ 10 പേർക്കുവീതം ഇതേ ഭക്ഷണം സൗജന്യമായി നൽകും.
രണ്ടുമണിക്കു ശേഷം വരുന്ന സാധാരണക്കാർക്ക് 20 രൂപയ്ക്ക് ഉൗണ് ലഭിക്കില്ല. ഭക്ഷണസമയത്ത് സ്പെഷൽ വിഭവങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് അതിനുള്ള വിലയും നൽകേണ്ടിവരും.
നഗരസഭാ കവാടത്തോടു ചേർന്നാണ് കാന്റീൻ പ്രവർത്തിക്കുക. വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ യൂണിറ്റ് മുഖേന ഭക്ഷണശാല നടത്തുന്നത്. ഇതിനുള്ള പരിശീലനം പൂർത്തിയായിട്ടുണ്ട്.
കാന്റീൻ നടത്തിപ്പിനായി നഗരസഭ 14 ലക്ഷം രൂപയാണ് ചെലവവഴിക്കുന്നത്. അടുക്കളയിലേക്കു വേണ്ട എല്ലാ സൗകര്യങ്ങളും തയാറായിക്കഴിഞ്ഞതായി നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അറിയിച്ചു.
കാന്റീനിൽ ഒരേസമയം 75 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കാന്റീനിനു പുറത്തെ മരത്തണലിലും ഇരുന്നു ഭക്ഷണം കഴിക്കാം.
20 രൂപയുടെ ഭക്ഷണത്തിനു സിവിൽ സപ്ലൈസ് അഞ്ചു രൂപ സബ്സിഡി നൽകും. ഭക്ഷ്യവസ്തുക്കൾ അവർതന്നെ നേരിട്ടെത്തിക്കും.
സിവിൽ സപ്ലൈസ് വകുപ്പിന്റെ സുഭിക്ഷ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയിൽനിന്നാണ് ആദ്യഘട്ടമെന്നോണം കുന്നംകുളത്തെ ഇതിനായി തെരഞ്ഞെടുത്തത്.