പെരിഞ്ഞനം: ജീവിതം വഴിമുട്ടിയ തറയിൽ ദാസനും സുശീലയ്ക്കും ആടിനെ വാങ്ങി നൽകി നാടിന്റെ വിശപ്പകറ്റുന്ന പെരിഞ്ഞനം സുഭിക്ഷ ഹോട്ടലിലെ തൊഴിലാളികൾ മാതൃകയായി.
ശാരീരിക അവശതകൾ മൂലം ദീർഘകാലമായി ജോലിക്ക് പോകാനാവാത്ത തറയിൽ ദാസന്റെ ഭാര്യ സുശീല ആടിനെ വളർത്തിയാണ് കുടുംബം പുലർത്തിയിരുന്നത്.
പെരിഞ്ഞനം ഒന്നാം വാർഡ് നിവാസികളായ ഇവർക്ക് മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല കുടുംബം വളർത്തിയിരുന്ന 10 ആടുകളിൽ ഒന്പതെണ്ണവും ഭക്ഷ്യവിഷബാധയേറ്റ് ഈയിടെ ചത്തുപോയിരുന്നു
പെട്ടെന്നൊരു ദിവസം ജീവിതോപാധി നഷ്ടപ്പെട്ട ഇവർ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിൽക്കവേയാണ് പെരിഞ്ഞനം പഞ്ചായത്തിൽ സുഭിക്ഷ ഹോട്ടൽ നടത്തുന്ന സഹോദരിമാർ ചേർന്ന് ഒരാടിനെ വാങ്ങി നൽകി സഹജീവി സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ചത്.
മൃദുല ഗിരീഷ്, സമിത ഷാജി, സീന സുധീർ, സരിത, സുജ, ബിന്ദു ലോഹിതാക്ഷൻ, അജിത എന്നിവർക്കൊപ്പം ആടിനെ കൈമാറുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബി, പി.എസ്. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.