ലക്നോ: ഈ ദിവസങ്ങളിലൊന്നിൽ താനും കൊല്ലപ്പെട്ടേക്കുമെന്ന് ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ബുലന്ദേശ്വറിലെ ആൾക്കൂട്ട കൊലപാതക കേസിൽ പ്രധാനപ്രതി ഉൾപ്പെടെ ഏഴു പേർക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
നിയമവ്യവസ്ഥയിൽ താൻ അങ്ങേയറ്റം നിരാശയിലാണെന്ന് ബുലന്ദേശ്വറിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജനി സിംഗ് പറഞ്ഞു. ഈ ദിവസങ്ങളിൽ താനും കൊല്ലപ്പെട്ടേക്കാം. അത് തന്നെയാവും നന്നാവുക. ആരും പരാതിപ്പെടാനും കേൾക്കാനും ഉണ്ടാകില്ലെന്നും അവർ എൻഡിടിവിയോട് പറഞ്ഞു.
കേസിൽ 33 പ്രതികളിൽ ഏഴു പേർക്കാണ് ജാമ്യം ലഭിച്ചത്. പ്രധാനപ്രതിയായ യോഗേഷ് രാജിനും ജാമ്യം ലഭിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുബോധ് കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനായില്ലെങ്കില്‍ ആരെയാണ് കൊണ്ടുവരാന്‍ കഴിയുക? രാജ്യത്തിന് വേണ്ടി ജീവന് സമര്പ്പിച്ചവന് നീതി ലഭിച്ചില്ലെങ്കില്‍ ആര്‍ക്കാണ് ലഭിക്കുക? എനിക്കിവിടുത്തെ രീതി എന്താണെന്ന് മനസിലാവുന്നില്ലെന്നും രജനി പറഞ്ഞു.
ബുലന്ദേശ്വറിനു സമീപം മഹവ് ഗ്രാമത്തിലുണ്ടായ കലാപത്തിലാണ് സുബോധ് കുമാർ കൊല്ലപ്പെട്ടത്. ഗ്രാമത്തിൽ പശുവിന്റെ ജഡം കണ്ടതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. അക്രമം തടയാനെത്തിയ സുബോധ് കുമാറിനെ പശുരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജായിരുന്നു പശുവിന്റെ ജഡം കണ്ടതിലെ പരാതിക്കാരൻ. പ്രദേശത്ത് 25 ഓളം പശുക്കളുടെ അഴുകിയ ജഡങ്ങൾ നാട്ടുകാർ കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പരാതി. പശുവിന്റെ ജഡവുമായി പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് മുന്നിലെത്തുകയും തുടർന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
ദേശീയപാത ഉപരോധിച്ചവരെ നീക്കാൻ പോലീസ് ശ്രമം തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്. ആദ്യം പോലീസ് വാഹനത്തിനും പിന്നീട് പ്രദേശത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയായിരുന്നു. ഇതിനിടെ പോലീസിനെതിരേ വ്യാപക കല്ലേറുമുണ്ടായി.
കല്ലേറിൽ സുബോധ് കുമാറിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഉടനെ സുബോധിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ എത്തിയ അക്രമികൾ വാഹനം തടഞ്ഞ് സുബോധിനെ വെടിവച്ചു കൊല്ലുകയായിരുന്നു.