സീമ മോഹൻലാൽ
കൊച്ചി: ‘ഞാൻ അവളെക്കാണാൻ ആശുപത്രിയിൽ പോയില്ല. ഫ്രീസറിൽ തണുത്തുറഞ്ഞു മുഖത്തു ചിരിയില്ലാതെ കിടക്കുന്ന സുബിയെ എനിക്കു കാണാൻ കഴിയില്ല.
അവളെക്കണ്ടാൽ എന്റെ നിയന്ത്രണം വിട്ടുപോകും. ധർമൂ എന്നു വിളിച്ചു എപ്പോഴും കലപിലായെന്നു തമാശ പറയുമായിരുന്ന എന്റെ അനുജത്തിയായിരുന്നു അവൾ.
കഴിഞ്ഞ 19 വർഷമായി തനിക്കൊപ്പം മിമിക്രി വേദി പങ്കിട്ട നടി സുബി സുരേഷിന്റെ ഓർമകളിൽ ധർമജൻ ബോൾഗാട്ടി തേങ്ങി.
ഇന്നലെ വൈകുന്നേരം മുതൽ സുബിയുടെ വീട്ടിൽ ധർമജനുണ്ട്. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് അനുജത്തിയുടെ അവസാന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നു.
19 വർഷം മുന്പ് സുബിയും ധർമജനും ഒരുമിച്ചാണ് സിനിമാലയിൽ ജോയിൻ ചെയ്തത്. അന്നത്തെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തില്ല. പക്ഷേ, സുബി അതിൽ തുടർന്നു.
2000 മുതൽ ധർമജൻ സിനിമാലയിൽ സജീവമായി. തുടർന്ന് സുബിക്കൊപ്പമുള്ള ധർമജന്റെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരുടെ കൈയടി നേടി.
വനിതാദിനത്തിൽ സുബിക്കൊപ്പം ധർമജൻ സ്ത്രീ വേഷത്തിലെത്തിയ എപ്പിസോഡ് ഇരുവരുടെയും കരിയറിൽ തിളക്കം നൽകി.
‘കഴിഞ്ഞാഴ്ച അവളുടെ അമ്മയെ വിളിച്ചപ്പോഴാണ് രോഗവിവരം അറിഞ്ഞത്. ഡോണറെ കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു. ആ കുടുംബത്തിന്റെ നെടും തൂണായിരുന്നു അവൾ.
പക്ഷേ, ഇത്രവേഗം പോകുമെന്നു കരുതിയില്ല. ഇന്നലെ രാവിലെ മുതൽ ടിവിയിൽ അവളുടെ പ്രസരിപ്പുള്ള മുഖം കാണുകയാണ്.
ഇന്ന് അവളെ വീട്ടിൽ കൊണ്ടുവരുന്പോൾ ഞാൻ കാണും. പക്ഷേ, ഡാ ധർമൂ എന്നു വിളിക്കാതെ കിടക്കുന്ന അവളെ കാണാൻ എനിക്കു കഴിയുമോയെന്ന് അറിയില്ല.’ – വാക്കുകൾ പറയാൻ കഴിയാതെ ധർമജൻ വിതുമ്പി.