കൊച്ചി: അവതാരകയും നടിയുമായി സുബി സുരേഷിന് വിട ചൊല്ലി കലാകേരളം. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകുന്നേരം നാലിന് ചടങ്ങുകൾ പൂർത്തിയായി.
ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്.
കരള്‍ സംബന്ധമായ രോഗംമൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9.35-നായിരുന്നു അന്ത്യം.
കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു.
സുബിക്ക് അടുത്ത ബന്ധു കരള്‍ നല്കാന് തയാറായി മുന്നോട്ടു വന്നിരുന്നു. ഇതോടെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ആരോഗ്യ ബോര്‍ഡിനു വിവരം കൈമാറിയിരുന്നു.
അവരുടെ അനുമതി ലഭിക്കാനിരിക്കെയാണു വിയോഗം. കഴിഞ്ഞ ജനുവരി 20 നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.