തൃശൂർ: നഗരത്തിൽ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകൻ സജിൻ(19) കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കും. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാവിലെ പത്തരയോടെ ബന്ധുക്കൾകോട്ടയത്തേക്ക് കൊണ്ടുപോയി. സജിന്റെ മാതാപിതാക്കൾ ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു പഠനം കഴിഞ്ഞു പാർട്ട് ടൈം ജോലിക്കായാണ് സജിനും കൂട്ടുകാരും തൃശൂരിലെത്തിയത്. രാത്രി മുറിയെടുത്തതിനുശേഷം കൂട്ടുകാരുമായി ഭക്ഷണം കഴിക്കാൻ ചെട്ടിയങ്ങാടിയിൽ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തർക്കിക്കുന്നതു കണ്ടു. ഇതിനിടെ പോലീസ് വന്നപ്പോൾ പേടിച്ച് സജിനും കൂട്ടുകാരനും ഓടുകയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു.
രാത്രിയായിട്ടും സജിനെ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സജിൻ ഓടി മറയുന്നത് ശ്രദ്ധയിൽ പെട്ടത്. പിന്നീട് ഈ ഭാഗത്ത് അന്വേഷിച്ചപ്പോൾ സ്വകാര്യ വ്യക്തിയുടെ കിണറിൽ മരിച്ചുകിടക്കുന്നത് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. പോളിടെക്നിക് കോളജിൽ പ്രവേശനം കാത്തിരിക്കയായിരുന്നു സജിൻ. പ്രവേശനം കിട്ടുന്നതിന്റെ ഇടവേളയിൽ പാർട് ടൈം ജോലി ചെയ്യാനാണ് സജിനും കൂട്ടുകാരും തൃശൂരിലെത്തിയത്.