ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസർ വെടിയേൽക്കും മുൻപ് ക്രൂരമർദനത്തിന് ഇരയായതായി പോലീസ്. സുബോധ്കുമാറിനെ അക്രമികൾ മഴു, കല്ല്, വടികള്‍ എന്നിവ കൊണ്ടാണ് ആക്രമിച്ചത്. ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ തോക്ക് കൊണ്ട് വെടിവച്ച് കൊന്നത്.
വെടിവച്ചയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സുബോധ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ഓല ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാൾ പിടിയിലായത്. ഇയാളായിരുന്നു സുബോധ്കുമാറിന്റെ നേർക്ക് വെടിയുതിർത്തത്. പോലീസ് ചോദ്യം ചെയ്യലിൽ പ്രശാന്ത് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾനിവർത്തി.
പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷഹര്‍ സ്റ്റേഷന് ഓഫീസറായ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജും കാലുവ എന്നയാളുമാണ് കലാപത്തിനു പ്രേരിപ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കലുവയാണ് സുബോധ് കുമാറിനെ മഴുകൊണ്ട് ആക്രമിക്കുന്നത്.
ആദ്യവെട്ട് തടുത്ത സുബോധ് കുമാറിന്റെ വിരൽ അറ്റു. രണ്ടാമത്തെ അടി തലയ്ക്കായിരുന്നു. ഇതോടെ സംഭവസ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച സുബോധ് കുമാറിനെ പിടികൂടി വയലിലേക്കുകൊണ്ടുപോയി. ഇവിടെവച്ച് പ്രശാന്ത് നാഥ് ഇടത് പുരികത്തിന് മുകളില്‍ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു.
മറ്റ് പോലീസുകാര്‍ സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ കല്ലേറുണ്ടായി. തുടര്‍ന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ജീപ്പിന് തീയിടാന്‍ ശ്രമിച്ചതോടെ പോലീസുകാര്‍ സുബോധിനെ വലിച്ച് പുറത്തിട്ടു. അക്രമികള്‍ പോലീസ് എയ്ഡ് പോസ്റ്റും പോലീസ് സ്റ്റേഷനും ആക്രമിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു.
സുബോധ്കുമാർ സ്വയം വെടിവച്ചതാണെന്ന് ബിജെപി എംഎൽഎ
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസർ സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് ബിജെപി എംഎൽഎ. ബുലന്ദ്ഷഹര്‍ സ്റ്റേഷന് ഓഫീസറായ സുബോധ്കുമാർ സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് എംഎൽഎ ദേവേന്ദ്ര സിംഗ് ലോധിയാണ് പറഞ്ഞത്.
കലാപകാരികളെ നിയന്ത്രിക്കാനാവാതെ വന്നതോടെ സുബോധ്കുമാർ സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണ് ലോധിയുടെ കണ്ടുപിടിത്തം. കലാപകാരികൾക്കു മുന്നിൽ സുബോധ്കുമാർ നിസ്സഹായനായി. രക്ഷപെടാൻ വഴിയില്ലെന്നു കണ്ടതോടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. തലയിലേക്ക് നിറയൊഴിച്ച് അയാൾ ജീവിതം അവസാനിപ്പിച്ചെന്ന് ലോധി പറഞ്ഞു.