ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി. വിഷയത്തിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. കാര്യങ്ങളുടെ യാഥാർഥ്യമെന്തെന്ന് ചോദിച്ചറിയണം.
ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയത് ആരാണെന്നും കണ്ടെത്തണം. സാന്പത്തിക കരാറുകൾക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗാസസ്.
അവരുടെ ഇന്ത്യൻ ദൗത്യത്തിന് പണം നൽകിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാൻ പറ്റാത്തത്. കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നയാര്. അത് ഇന്ത്യയിലെ ജനങ്ങളോട് പറയേണ്ട ബാധ്യത മോദി സർക്കാരിന്േറതാണ്. -സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ഫോണ് ചോർത്തൽ സംബന്ധിച്ച് വലിയൊരു വാർത്ത പുറത്തുവരാൻ പോകുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോണ് ചോർത്തിയെന്ന വിവരം പുറത്തുവന്നത്.
കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയത്. വിഷയം പർലമെന്റിലും വലിയ പ്രതിഷേധത്തിന് വഴിവച്ചു. ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന് വിഷയത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് നരേന്ദ്ര മോദി പ്രതികരിച്ചത്.