നിലന്പൂർ: എരുമമുണ്ട ചെട്ടിയാംപാറ ഉരുൾപൊട്ടലിൽ കാണാതായ ചാലിയാർ പഞ്ചായത്തിലെ ചെട്ടിയൻപാറ പറന്പാടൻ സുബ്രഹ്മണ്യ (32) ന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നു രാവിലെ ഒന്പതു മണിയോടെയാണ് കോയന്പത്തൂരിൽ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഉരുൾപൊട്ടൽ നടന്ന വീടിനു സമീപത്തു നിന്നാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
സുബ്രഹ്മണ്യന്റെ മാതാവ് പറന്പാടൻ കുഞ്ഞി (50), ഭാര്യ ഗീത (29), മക്കളായ നവനീത് (ഒന്പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിരുന്നത്. ഇതിൽ സുബ്രഹ്മണ്യനെ കാണാതായതിനെത്തുടർന്നു വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം സൈനിക വാഹനത്തിൽ നിലന്പൂർ ജില്ലാശുപത്രിയിലെത്തിച്ചു. പ്രദേശത്തു ഇന്നു മഴയുണ്ടെങ്കിലും ശക്തികുറഞ്ഞിട്ടുണ്ട്.