ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിനു നാണക്കേടുണ്ടാക്കി സുബ്രത പാൽ. ടീം ഗോള്‍ കീപ്പറും മുന്‍ ഇന്ത്യൻ നായകനുമായിരുന്ന സുബ്രത പാലിന് ഉത്തേജക പരിശോധനയില്‍ തിരിച്ചടി. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)നടത്തിയ പരിശോധയിലാണ് താരത്തിന്റെ സാമ്പിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സുബ്രത പരിശോധനയില്‍ പരാജയപ്പെട്ട വിവരം ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു.
താരത്തിനു നാലു വര്‍ഷത്തെ വിലക്കു നേരിടേണ്ടതായി വരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 18 നു മുംബയില്‍ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുക്കുമ്പോഴായിരുന്നു സുബ്രത ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ നാഡ പരിശോധയ്ക്കു വിധേയമാക്കിയത്. ആസ്ത്മപോലുള്ള അസുഖങ്ങൾക്കുപയോഗിക്കുന്ന റ്റെര്ബുലറ്റിന് ആണ് പരിശോധനയില്‍ സുബ്രതയുടെ സാമ്പിളില്‍ കണ്ടെത്തിയത്.
ആസ്ത്മയുള്ള കായിക താരങ്ങള്‍ക്കു പോലും പ്രത്യക അനുവാദത്തോടെ മാത്രമേ റ്റെര്ബുലറ്റിന് ഉപയോഗിക്കാനാവൂ. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ബി സാമ്പിള്‍ പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും സുബ്രതാ പാല് പ്രതികരിച്ചു. താന്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി സത്യസന്ധമായാണ് കളിക്കളത്തില്‍ ഇറങ്ങിയത്.
തന്റെ അറിവോടെ ഇത്തരത്തിലൊരു വീഴ്ച ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 30 കാരനായ സുബ്രത 2007ലാണ് ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയത്.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായി അറിയപ്പെടുന്ന സുബ്രതയുടെ കളി മികവിലാണ് 2007ലും 2009ലും ഇന്ത്യക്ക് നെഹ്റു കപ്പ് ലഭിച്ചത്.
ഫുട്ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2016ല്‍ സുബ്രതയെ അര്‍ജുന പുരസ്കാരം നല്കി ആദരിച്ചിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ സുബ്രത ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ താരമാണ്.
അത്ലറ്റിക്സിലുംമറ്റും ഉത്തേജക വിവാദം പതിവാണെങ്കിലും ഫുട്ബോള്‍ താരം ഉത്തജകക്കുരുക്കില് പെടുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും വിരളമാണ്്. ബി സാമ്പിള്‍ പരിശോധനയിലൂടെ സുബ്രത തന്റെനിരപരാധിത്വം തെളിയിക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ കായിക ലോകം.