പേരൂർക്കട: കഴിഞ്ഞദിവസം ബസ് ജീവനക്കാരെയും പോലീസിനെയും ആകെ മുൾമുനയിൽ നിർത്തിക്കൊണ്ട് കണ്ടെത്തിയ വസ്തു ബോംബല്ലെന്നു തെളിഞ്ഞു. വിദ്യാർഥി ബസിനുള്ളിൽ മറന്നുവച്ച ബയോഗ്യാസ് പ്ലാന്റിന്റെ മാതൃകയായിരുന്നു ഭീതിയുടെ നിഴലിൽ നിന്ന പോലീസ് ഡോഗ്സ്ക്വാഡിനെ വരുത്തിച്ച് നിർവീര്യമാക്കിയത്.
വട്ടിയൂർക്കാവ് സ്കൂളിലെ വിദ്യാർഥി ശാസ്ത്രപ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ബയോഗ്യാസ് പ്ലാന്റിന്റെ മാതൃകയായിരുന്നു ഇത്. പത്രങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് നഷ്ടപ്പെട്ട സാധനം തിരിച്ചെടുക്കാൻ കുട്ടിയും രക്ഷകർത്താവും എത്തിയപ്പോഴാണ് പോലീസിനും ശ്വാസം നേരെ വീണത്. ഇതോടെ ഭീതി മാറിക്കിട്ടുകയായിരുന്നു. കണ്ടെത്തിയ വസ്തുവിൽ റോക്കറ്റിന്റെ അംശമുണ്ടെന്നൊക്കെ കിംവദന്തി പരന്നതിനാൽ പോലീസും ബോംബ് സ്ക്വാഡും വിഎസ്എസ്സിയിലെ ശാസ്ത്രഞ്ജരുമൊക്കെ പലവട്ടം മാതൃക പൊളിച്ച് പഠനം നടത്തിയിരുന്നു. നഷ്ടപ്പെട്ട സാധനം വാങ്ങാനെത്തിയ കുട്ടി ബയോഗ്യാസ് മാതൃകയുടെ അവസ്ഥ കണ്ട് മടങ്ങിപ്പോകുകയായിരുന്നു.
ഒരു ദിവസം മുഴുവൻ ഉറക്കമിളച്ചിരുന്ന പോലീസുകാർ ഒടുവിൽ പൊട്ടിച്ചിരിച്ച് ആശ്വാസം കണ്ടെ ത്തുകയും ചെയ്തു. തലേദിവസം എസ്എപി ക്യാന്പിൽ ബസ്എത്തിച്ചാണ്, ഇല്ലാത്ത ബോംബ് നിർവാര്യമാക്കിയത്. വലിയ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് സംഭവത്തിന്റെ യഥാർഥചിത്രം പുറത്തായത്. മഞ്ച-അരുവിക്കര ബസിനുള്ളിലാ ണ് സാധനം മറന്നുപോയെന്ന് എട്ടാംക്ലാസിലെ വിദ്യാർഥി പറഞ്ഞു. എന്തായാലും തങ്ങൾ പുലിവാലു പിടിച്ച അജ്ഞാതവസ്തുവിന്റെ ചുരുളഴിച്ചു നൽകിയ വിദ്യാർഥിയെ അഭിനന്ദിക്കാനും പോലീസുകാർ മറന്നില്ല.