ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച കട്ടപ്പന മുളങ്ങാശേരില്‍ സാബു (56) വിനെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്. സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തായി. ബാങ്കിന്റെ മുന്‍ പ്രസിഡന്റായ സജി നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് മെബറാണ്.
പണം ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് വിളിച്ച സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. ബാങ്കില്‍ പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയി പിടിച്ചു തള്ളിയെന്ന് സാബു ഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി അറിയാഞ്ഞിട്ടാണെന്നും പണി മനസിലാക്കി തരാമെന്നുമാണു സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുടെ ഭീഷണി.
ഭാര്യ ആശുപത്രിയിലാണെന്നും പണം ലഭിക്കാതെ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും സാബു ഫോണില്‍ അഭ്യര്‍ഥിക്കുമ്പോഴാണ് ഭീഷണി സ്വരത്തില്‍ മറുപടി നല്‍കിയത്. പണം തവണയായി പകുതിയോളം നല്‍കിയിട്ടും ജീവനക്കാരനെ ആക്രമിച്ചതെന്തിനെന്നു സജി ചോദിക്കുന്നു. എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സിസിടിവി പരിശോധിച്ചാല്‍ മനസിലാകുമെന്നും സാബു മറുപടി നല്‍കുന്നുമുണ്ട്.
ഫോണ്‍ സംഭാഷണം പുറത്തായതോടെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്.സജിക്കെതിരേ നടപടി സ്വീകരിക്കണമെന്നു സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനിടെ വിഷയത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് രംഗത്തെത്തി. 12 ലക്ഷം രൂപയാണ് സാബുവിന് നല്കാനുണ്ടായിരുന്നത്. വായ്പകള്‍ തിരിച്ചു ലഭിക്കാത്തതിനാല്‍ ബാങ്ക് പ്രതിസന്ധിയിലാണ്. അതിനാല്‍ ഘട്ടം ഘട്ടമായി പണം സാബുവിന് തിരിച്ചു നല്കി വരികയായിരുന്നു.
ബാങ്കിന് എന്തെങ്കിലും തരത്തില്‍ പ്രശ്നമുണ്ടായാല്‍ ബാങ്ക് ഭരണസമിതിയംഗങ്ങള്‍ ഇടപെടുകയെന്നത് സ്വാഭാവികമാണ്. സജിയും ഇത്തരത്തിലാണ് ഇടപെട്ടത്. സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി സാബുവിന്റെ കുടുംബത്തോടൊപ്പമാണ്. ഫോണ്‍ സന്ദേശത്തെ സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സാബു നേരിട്ടത് കടുത്ത മാനസികസംഘര്‍ഷം: ഭാര്യ
സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയശേഷം സാബു കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ഭാര്യ മേരിക്കുട്ടി പറഞ്ഞു. താന്‍ കുരുക്കില്പ്പെട്ടെന്ന് സാബു പറഞ്ഞിരുന്നുവെന്നും മേരിക്കുട്ടി പറഞ്ഞു. പണത്തിനായി സാബു പലതവണ ബാങ്കില്‍ കയറിയിറങ്ങി. മുഴുവന്‍ സമ്പാദ്യവും ബാങ്കിലാണ് നിക്ഷേപിച്ചത്.
2007 തൊട്ട് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതാണ്. സൊസൈറ്റിയില്‍ ജോലിയുള്ള സ്ത്രീ കുറച്ച് ഡെപോസിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന സമയത്ത് സാബു പണം കൊടുത്തു. പിന്നീട് സ്ഥലസംബന്ധമായി പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോള്‍ ബാങ്കിനെ സമീപിച്ചു.
ഇപ്പോള്‍ ഒരു തരത്തിലും പണം തരാൻ പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞു. 10 ലക്ഷം രൂപയായിരുന്നു അത്യാവശ്യമായി വേണ്ടിയിരുന്നത്. എന്തു തന്നെയായാലും പണം ഉണ്ടാകില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാന്‍സ് കൊടുക്കാനായി കുറച്ചു പണം തന്നു. പിന്നീട് മുഴുവന്‍ തുക കൊടുക്കേണ്ട സമയമായപ്പോള്‍, പലവട്ടം ബാങ്കില്‍ പോയി കരഞ്ഞ് ഇറങ്ങിപ്പോരേണ്ടി വന്നു.
ചികില്‍സാര്‍ഥം രണ്ടു ലക്ഷം ചോദിച്ചപ്പോള്‍ 80,000 രൂപയാണ് നല്‍കിയത്. ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയി മോശമായി പെരുമാറി. ഇതിനു പിന്നാലെയാണ് സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വി.ആര്. സജി ഭീഷണിപ്പെടുത്തിയത്. 14 ലക്ഷം രൂപയാണ് ഇനി ലഭിക്കാനുള്ളതെന്നും മേരിക്കുട്ടി പറഞ്ഞു.
പോലീസ് ഇന്ന് മൊഴിയെടുക്കും
സാബുവിന്റെ മരണത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പില്‍ പേരു പരാമര്‍ശിച്ചിരിക്കുന്ന ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കൈയേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആരോപണ വിധേയരായ ബാങ്ക് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ച ശേഷമേ സംസ്കാരം നടത്തു എന്ന നിലപാടിലാണ് ബന്ധുക്കള്‍. ഇതിനു പുറമെ സാബുവിന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ്, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെയും വ്യാപാരി സംഘടനകളുടെയും തീരുമാനം.