തൃശൂർ: കഴിഞ്ഞ പൂരത്തിനുമുന്പ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എംഒ റോഡിലെ സബ്വേയുടെ ഉദ്ഘാടനം നീട്ടുന്നതിനു പിന്നിൽ സിപിഐക്കാരിയായ മേയറെ ഒഴിവാക്കാനാണെന്ന് സൂചന. അടുത്ത മാസം 12ന് സിപിഐക്കാരിയായ മേയറുടെ കാലാവധി കഴിയുന്പോൾ സിപിഎം മേയറും ഡെപ്യൂട്ടി മേയറും വീണ്ടും അധികാരത്തിൽ വരും.
സിപിഎമ്മിന്റെ നേതൃത്വത്തിൽ സബ്വേ തുറന്നു കൊടുത്താൽ മതിയെന്നുള്ള ഭരണകക്ഷിയിലെ ചിലരുടെ പിടിവാശിയാണ് ഉദ്ഘാടനം നീളുന്നതെന്നാണ് കോർപറേഷനിൽ അടക്കം പറച്ചിൽ. നഗരത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിലൊന്നായ സബ്വേ ഉദ്ഘാടനം ഇപ്പോൾ നടന്നാൽ അത് സിപിഐ മേയറുടെ കാലത്താണെന്ന ചരിത്രം രേഖപ്പെടുത്തും. കൂടാതെ ഇപ്പോൾ ഭരണ നേതൃത്വത്തിൽ സിപിഎമ്മിന് പങ്കില്ല. ഡെപ്യൂട്ടി മേയറും സ്വതന്ത്രനാണ്.
അടുത്ത മാസം സിപിഎം വീണ്ടും ഭരണ നേതൃത്വത്തിലെത്തുന്നതിനാൽ അതിനുശേഷം മതിയെന്ന രീതിയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്ഘാടനം നീട്ടുകയാണിപ്പോൾ ചെയ്യുന്നത്. എന്നാൽ തന്റെ കാലത്തു തന്നെ ഉദ്ഘാടനം നടത്താൻ മേയർ അജിത വിജയൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷേ ഓരോ തടസങ്ങൾ പറഞ്ഞ് നീട്ടുന്നതിനു പിന്നിൽ ഇതാണ് കാരണമെന്ന് സിപിഐക്കും അറിയില്ലെന്നതാണ് വിരോധാഭാസം.
ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാറ്റി. പണികൾ കഴിഞ്ഞിട്ടില്ലെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ അടുത്ത പൂരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടും കഴിഞ്ഞ പൂരത്തിനുമുന്പ് തുറക്കുമെന്ന് പറഞ്ഞ സബ്്വേയുടെ ഉദ്ഘാടനം നീട്ടുന്നതിനുപിന്നിൽ രഹസ്യ അജണ്ടയാണെന്നത് ഭരണകക്ഷി കൗണ്സിലർമാരുടെ ഇടയിലും ചർച്ചാ വിഷയമാണ്.
പട്ടാളം റോഡ് വികസനവും മെല്ലെപ്പോക്കിലാക്കാൻ കാരണം സിപിഐ മേയർ മാറുന്നതുവരെ കാത്തു നിൽക്കുന്നതിന്റെ ഭാഗമാണ്. സിപിഐയുടെ തന്നെ ഡെപ്യൂട്ടി മേയറായിരുന്ന ബീന മുരളിയ്ക്കും ഇത്തരത്തിൽ പല അനുഭവങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ബജറ്റവതരിപ്പിച്ചതിന്റെ ചെലവിനത്തിൽ വന്ന ലക്ഷക്കണക്കിന് രൂപ കോർപറേഷൻ അനുവദിക്കാത്തതിന്റെ പിന്നിൽ സിപിഎമ്മിലെ മുൻ ഡെപ്യൂട്ടി മേയറുടെ വിലക്കാണെന്നും പറയുന്നു.