സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിൽ എം.ഒ.റോഡിൽ പണി നിർത്തിവെച്ചിരിക്കുന്ന മൂന്നാം സബ് വേയുടെ പണികൾ ആളെ കിട്ടാത്തതുകൊണ്ടാണ് പുനരാരംഭിക്കാത്തതെന്ന് മേയർ അജിത വിജയൻ പറഞ്ഞു. നിർമാണ ജോലിക്കാരായ ബംഗാളികൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പശ്ചിമബംഗാളിലേക്ക് പോയിരിക്കുകയാണെന്നും അവർ തിരിച്ചെത്തിയാലുടൻ സബ് വേയുടെ പണികൾ പുനരാരംഭിക്കുമെന്നും മേയർ കൂട്ടിചേർത്തു.
സെപ്റ്റംബർ വരെയാണ് സപിബ് വേ നിർമാണത്തിന്റെ കാലാവധിയെന്നതിനാൽ പണികൾ വൈകിയിട്ടില്ലെന്നും മേയർ പറഞ്ഞു. ബിഎസ്എൻഎൽ കേബിളിന്റെ പ്രശ്നം കാരണമാണ് പണികൾ പൂരത്തിന് മുൻപ് തീർക്കാൻ കഴിയാതെ പോയതെന്നും മേയർ കൂട്ടിച്ചേർത്തു.
എം.ഒ.റോഡിലെ സബ് വേയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂരവും തെരഞ്ഞെടുപ്പും കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതിനെക്കുറിച്ച് രാഷ്ട്രദീപിക നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മേയർ അജിത വിജയൻ.
പണികൾ പുനരാരംഭിക്കുന്പോൾ മഴ പ്രശ്നമാകാൻ സാധ്യതയില്ലെന്നും മേയർ പറഞ്ഞു.
റോഡിൽ ഇപ്പോൾ പൊടിപ്രശ്നങ്ങളില്ലെന്നും പിഡബ്ല്യുഡിയാണ് റോഡ് ടാർ ചെയ്യേണ്ടതെന്നും കോർപറേഷൻ ഇതിനാവശ്യമായ തുക അടച്ചതായും മേയർ അറിയിച്ചു.