അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.

ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു.

2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു.

2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ സഞ്ജു കുഴങ്ങി. അമ്മ മരിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു.

അന്ന് മീററ്റിലെ ആര്‍ജി കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കി ഡല്‍ഹി സര്‍വകാലാശാലയില്‍ പിജി ചെയ്യുന്നതിനിടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ സാഹചര്യം നേരിടേണ്ടി വന്നതെന്ന് സഞ്ജു ഓര്‍മ്മിക്കുന്നു. സ്വപ്നങ്ങളുടെ പിന്നാലെ പോകണമോ, അതോ കുടുംബ ജീവിതം തെരഞ്ഞെടുക്കണമോ എന്ന വിഷമമേറിയ സന്ധിയില്ലായിരുന്നു സഞ്ജു.

എന്നാല്‍ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തീരുമാനിച്ചതോടെ, വീട് വിട്ടു പോകാന്‍ സഞ്ജു നിര്‍ബന്ധിതയായി. സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ അസ്വസ്ഥരായി. എന്നാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ശേഷം തന്നെ കാണുമ്പോള്‍ അവര്‍ എല്ലാം മറക്കുമെന്ന് ചിന്തിച്ച് മുന്നോട്ടുപോയി.

തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് തനിക്ക് ബോധമുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വപ്നങ്ങള്‍ തല്ലി കെടുത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്ന് സഞ്ജു പറയുന്നു.

സര്‍ക്കാരിലെ ഉയര്‍ന്ന തസ്തിക സ്വപ്നം കണ്ട് മീററ്റിലാണ് സഞ്ജു കഠിന പരിശീലനം നടത്തിയത്. പിജി പഠനം ഉപേക്ഷിച്ച് വരുമാനത്തിനായി കുട്ടികള്‍ക്ക് ട്യൂഷന്‍ ആരംഭിച്ചു. വാടക മുറിയിലാണ് താമസിച്ചത്.

അതിനിടെ സ്വകാര്യ സ്‌കൂളുകളില്‍ ടീച്ചറായി ജോലി കിട്ടിയത് അനുഗ്രഹമായി. അഭിഷേക് ശര്‍മ്മ എന്ന അധ്യാപകന്‍ തന്റെ നേട്ടങ്ങള്‍ക്ക് പ്രചോദനമായെന്നും സഞ്ജു പറയുന്നു. വീട്ടുകാരുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു വേറിട്ട മാതൃകയാവുകയാണ് സഞ്ജു.

Related posts

Leave a Comment