നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യക്കു മാത്രം അവകാശപ്പെടാവുന്ന സവിശേഷതയെ പാട്ടിലൂടെ അന്വർഥമാക്കാൻ മലയാളിബാലിക തയാറെടുക്കുന്നു. ഒരു വേദിയിൽ ഇന്ത്യൻ ഭാഷകളുൾപ്പെടെ 85 ഭാഷകളിലൂടെ സംഗീതത്തെ ഏകോപിപ്പിച്ച് ഗിന്നസ് റിക്കാർഡ് സൃഷ്ടിക്കാനാണ് സുചേത സതീഷ് എന്ന പന്ത്രണ്ടുകാരിയുടെ ശ്രമം. ഡിസംബർ 29നു ദുബായിൽവച്ചാണ് സുചേതയുടെ സംഗീത യജ്ഞം. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ സുചേതയ്ക്ക് ഇപ്പോൾ തന്നെ 80 ഭാഷകളിലുള്ള പാട്ടുകൾ ഹൃദിസ്ഥമാണ്.
ഒരു വർഷംകൊണ്ടാണ് ഇത്രയും പാട്ടുകൾ ഈ മിടുക്കി ഹൃദിസ്ഥമാക്കിയതത്രേ. തന്റെ സംഗീത പരിപാടികൾക്കു മുന്പായി അഞ്ചു ഭാഷകളിലുള്ള പാട്ടുകൾകൂടി പഠിക്കണമെന്ന തീരുമാനത്തിലാണ് ഈ കൊച്ചുഗായിക. ദുബായിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ സുചേത ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങൾ നന്നേ ചെറുപ്പത്തിൽതന്നെ പാടിത്തുടങ്ങിയിരുന്നു. സ്കൂൾ മത്സരങ്ങളിൽ ഇംഗ്ലീഷ് ഗാനങ്ങൾ പാടിയിട്ടുണ്ട്.
മറ്റു വിദേശ ഭാഷാഗാനങ്ങളിൽ ആദ്യം പരീക്ഷിച്ചത് ഒരു ജാപ്പനീസ് ഗാനമായിരുന്നു. അച്ഛന്റെ സുഹൃത്തായ ഒരു ജാപ്പനീസ് ത്വക്രോഗ വിദഗ്ധൻ കഴിഞ്ഞ വർഷം വീട്ടിലെത്തിയിരുന്നു. അദ്ദേഹം പാടിയ ഒരു പാട്ടാണ് തന്നെ ആകർഷിച്ചത്. ഉടൻതന്നെ അത് പഠിച്ചെടുക്കുകയും ചെയ്തു – സുചേത പറയുന്നു. ഭാഷ ഏതായാലും ഉച്ചാരണം എളുപ്പമാണെങ്കിൽ രണ്ടു മണിക്കൂറിൽ തന്നെ ഒരു പാട്ട് പഠിച്ചെടുക്കാനാകുമെന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്. ഫ്രഞ്ച്, ഹംഗേറിയൻ, ജർമൻ ഭാഷകളാണ് ഏറ്റവും ബുദ്ധിമുട്ടിച്ചതെന്ന് സുചേത പറഞ്ഞു.