ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച വിവരം ലോക ശ്രദ്ധയിൽ എത്തിച്ചത് ഗായികയും ആർ.ജെ.യുമായ സുചി എന്ന സുചിത്ര.
മൂന്നു ദിവസത്തിനകം രണ്ടു കോടിയിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ സുചിയുടെ വീഡിയോ കണ്ടത്. ‘നാം ഇംഗ്ലീഷിൽ സംസാരിക്കാത്തതു കാരണം എല്ലാ ദക്ഷിണേന്ത്യൻ പ്രശ്നങ്ങളും ദക്ഷിണേന്ത്യൻ പ്രശ്നങ്ങൾ മാത്രമായി ഒതുങ്ങുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് സുചി വീഡിയോ ആരംഭിക്കുന്നത്.
ഇന്ത്യയുടെ ‘ജോർജ് ഫ്ളോയിഡ്’ നിമിഷം എന്നാണ് തൂത്തുക്കുടി സംഭവത്തെ സുചി വിശേഷിപ്പിച്ചത്. തൂത്തുക്കുടിയിൽ നടന്ന സംഭവം വിശദമാക്കുകയാണ് വീഡിയോയിൽ അവർ ചെയ്തത്. ജൂൺ 25നായിരുന്നു ഇവരുടെപോസ്റ്റ്.
ജയരാജിനും ബെനിക്സിനും നീതി ലഭിക്കുന്നതുവരെ ഇതേക്കുറിച്ച് സംസാരിക്കാനും വാർത്തകളും വീഡിയോയും പങ്കിടാനും സുചി വീഡിയോയില്‍ ആവശ്യപ്പെട്ടു.
കടയടയ്ക്കാൻ വൈകിയെന്ന കുറ്റം
മൊബൈൽ ഫോൺ കട നടത്തിയിരുന്ന ജയരാജിനെ കഴിഞ്ഞ 19ന് ലോക്ഡൗൺ ലംഘനം ആരോപിച്ച് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇരുവരെയും തുണിയുരിഞ്ഞ്, അടിവസ്ത്രങ്ങൾ പോലുമില്ലാതെ ലോക്കപ്പിൽ തള്ളി. ലാത്തികൊണ്ടുള്ള അടിയേറ്റ് ഇരുവരുടെയും കാൽമുട്ടിന്റെ ചിരട്ട തകർന്നു. പുറകില്‍ ലാത്തി കൊണ്ട് അടിച്ച് ഇരുവർക്കും ചോരവാർന്നൊഴുകിത്തുടങ്ങി.
ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി . ബെന്നിക്സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു.
നിരവധി തവണ ആശുപത്രിയിൽ വച്ച് വസ്ത്രം മാറി. ഇവരെ ആശുപത്രിയിലെത്തിച്ച പോലീസ് വണ്ടിയുടെ അകത്ത് രക്തം തളകെട്ടി കിടപ്പുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ ലൈംഗികമായി പോലീസ് പീഡിപ്പിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.
സബ്–ജയിലിൽ വച്ചാണ് ബെന്നിക്സ് ആദ്യം നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു.
ജയരാജിനെ കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. കളിഞ്ഞ തിങ്കളാഴ്ച ബെന്നിക്സും ചൊവ്വാഴ്ച ജയരാമനും മരണമടയുകയായിരുന്നു. സാത്താങ്കുളം സ്റ്റേഷനിലെ രണ്ടു സബ് ഇൻസ്പെക്ടർമാരാണ് അതിക്രമം നടത്തിയത്.
കൈ വീശി റിമാൻഡ്
കോവിഡ് കാരണം ജയരാജനെയും മകൻ ബെന്നിക്സിനെയും നേരിട്ടു കാണാതെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നുവെന്ന നുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ച് വെളിപ്പെടുത്തി.
വീടിന്റെ ഒന്നാം നിലയിൽ നിന്ന് മജിസ്ട്രേറ്റ് കൈ വീശിയാണ് അനുമതി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ജസ്റ്റിസ് ഫോർ ജയരാജ് ആൻഡ് ഫെനിക്സ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലാണ്.
കമൽ ഹാസൻ, ഖുഷ്ബു, തപ്സി പന്നു, പ്രിയങ്ക, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ആലിയ ഭട്ട്, അമല പോൾ, സമന്ത രുത് പ്രഭു, തമന്ന ഭാട്ടിയ, കാജൽ അഗർവാൾ, അനുഷ്ക ശർമ, പരിണീതി ചോപ്ര, ജാൻവി കപൂർ, ഹൻസിക, സൂര്യ, ജയം രവി, ശന്തനു, ഗൗതം കാർത്തിക്ക്, സംവിധായകൻ കാർത്തിക് സുബ്ബരാജ്, സംഗീത സംവിധായകൻ ഡി. ഇമ്മൻ തുടങ്ങി നിരവധി താരങ്ങൾ, ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, ആർ. അശ്വിൻ തുടങ്ങിയവർ കാന്പെയിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
എല്ലിൻ കഷ്ണമല്ല വേണ്ടത്
ഇരുവരുടെയും കുടുംബത്തിന് 20 ലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട് കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
“ഇപ്പോൾ നാല് പോലീസുകാർക്കെതിരെ മാത്രമേ കേസെടുത്തിട്ടുള്ളൂ. ഡോക്ടർമാരും മജിസ്ട്രേറ്റും ഉൾപ്പെടെ 20 മുതൽ 25 പേർവരെ ഇനിയും ബാക്കിയാണ്. കുടുംബത്തിന് ഒരെല്ലിന്റെ കഷ്ണം ഇട്ടുകൊടുക്കലല്ല, പരമാവധി നീതി നടപ്പാക്കുകയാണ് വേണ്ടത്, – സുചിത്ര ദേശിയ മാധ്യമത്തോട് പ്രതികരിച്ചു.
2017ല്‍ സുചിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ‘സുചി ലീക്ക്സ്’ എന്ന പേരില്‍ നിരവധി ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവരികയും ഒപ്പം തന്നെ വലിയ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സുചിത്ര ഇതിന് വിശദീകരണം നല്‍കിയത്.